സയന്‍സ് സ്ലാം – പേരിന് പിന്നിൽ

 ഡോ. പ്രസീത പി.

ശാസ്ത്രജ്ഞർ   ഗവേഷണത്തിലൂടെ കണ്ടെത്തിയ അറിവുകള്‍   സാധാരണക്കാർക്കുവേണ്ടി  ലളിതവും ആകർഷകവുമായി അവതരിപ്പിക്കുന്ന നവീനമായൊരു പരിപാടിയാണ് സയൻസ് സ്ലാം. സയൻസ്,  സ്ലാം എന്നീ രണ്ട് ആശയങ്ങൾ സമന്വയിക്കുന്ന ഒരു പദമാണിത്.  നിരീക്ഷണം, പരീക്ഷണം, തെളിവുകൾ എന്നിവയെ അടിസ്ഥാനമാക്കി   ക്രമീകൃതമായി നിഗമനങ്ങളിലേക്കെത്താവുന്ന  പ്രകൃതിദത്തവും ഭൗതികവുമായ വസ്തുക്കളേയും   വസ്തുതകളേയും സംബന്ധിച്ച  അറിവുകളേയാണ്  ആധുനിക ശാസ്ത്രം അഥവാ സയന്‍സ് എന്ന് നാം മനസ്സിലാക്കുന്നത്.  

സ്ലാം എന്ന വാക്ക്   ചരിത്രത്തിലുടനീളം അർത്ഥത്തിലും ഉപയോഗത്തിലും പലതരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.  പഴയ ഇംഗ്ലീഷില്‍ “സ്ലാം” (slam)  എന്നത് വാതിലുപോലുള്ളവ ശക്തിയില്‍ അടക്കുന്നത് അല്ലെങ്കിൽ വസ്തുക്കളെ അടിച്ച് വീഴ്ത്തുന്നത് പോലുള്ള ശാരീരിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. ടെന്നിസിലെ നാല് പ്രധാന ടൂര്‍ണ്ണമെന്‍റിലും എതിരാളിയെ നിലംപരിശാക്കുന്നയാള്‍ക്ക് നൽകുന്ന സമ്മാനത്തിന്  ഗ്രന്‍റ്സ്ലാം കിരീടം എന്ന പേരുവന്നത് ഇതില്‍നിന്നാവാം.   “സ്ലാം” എന്ന ആധുനിക ആശയം 1980-കളില്‍  ചിക്കാഗോ കവിതാ രംഗത്ത് പ്രേക്ഷകരുടെ ഇടപെടലോടെ നടന്നിരുന്ന  സർഗ്ഗാത്മകമായ,  ആവിഷ്‌കാരപ്രാധാനമായ കവിതാ കൂട്ടായ്മകളെ സൂചിപ്പിക്കുന്ന പദമായാണ് പ്രചാരം നേടിയത്. കവിയും നിർമ്മാണ തൊഴിലാളിയുമായ മാർക്ക് സ്മിത്ത് അപ്‌ടൗൺ പോയട്രി സ്ലാം (1984) സ്ഥാപിച്ചത് ഇതിനുദാഹരണമാണ്. 1990-2000-കൾ സ്ലാമിന് പലതരത്തില്‍ വിപുലീകരണവും വൈവിധ്യവൽക്കരണവും സംഭവിക്കുന്നു. ഇക്കാലത്ത് സ്ലാം കവിതകൾ ആഗോളതലത്തിൽ വ്യാപിക്കുകയും  കഥപറച്ചിൽ പോലുള്ള മറ്റ് കലാരൂപങ്ങളെ സ്വാധീനിക്കുകയും ചെയ്തു. കാര്‍ണിവലുകള്‍പോലെയുള്ള ഈ അനുഭവങ്ങള്‍   സയൻസിലേക്ക് വ്യാപിക്കുന്നത് 2000- ത്തിന്‍റെ തുടക്കത്തിലാണ്.  ഫിലിം സ്ലാം, സംഗീത സ്ലാം,  കോമഡി സ്ലാം, ഡിബേറ്റ് സ്ലാം എന്നിങ്ങനെ സ്ലാം  മത്സരങ്ങള്‍ പലതുണ്ടിപ്പോള്‍.  സ്ലാം കവിത, സ്ലാം മാസ്റ്റർ തുടങ്ങിയ പുതിയ വാക്കുകളും ശൈലികളും വരെ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. സയൻസ് സ്ലാം എന്ന ആശയം ഇന്നത്തെ രീതിയില്‍ ജർമ്മനിയിൽ 2006 ഓടുകൂടി  ആരംഭിച്ചതായി കാണാം. ആദ്യകാലത്ത് അവിടെ അത് “സയൻസ് ഷോഡൗൺ” അല്ലെങ്കിൽ “സയൻസ് സ്റ്റണ്ട്” എന്നറിയപ്പെട്ടിരുന്നു. ഈവിധം വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന   ഈ  പദസംയുക്തം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ  ശാസ്ത്രരംഗത്ത് പുതിയൊരനുഭവമായി മാറുന്ന കാഴ്ചയാണ് ഇനി പറയാന്‍ ശ്രമിക്കുന്നത്. 

ഒരു സയൻസ് സ്ലാമിൽ ശാസ്ത്രജ്ഞരോ ഗവേഷകരോ ശാസ്ത്രതാൽപ്പര്യമുള്ളവരോ അവരുടെ ഗവേഷണങ്ങളെ  ആകർഷകവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന  രീതിയിൽ അവതരിപ്പിക്കുന്നു. സംഭാഷണങ്ങൾ സാധാരണയായി ഹ്രസ്വമാണ് (5-10 മിനിറ്റ്).  സങ്കീർണ്ണമായ ശാസ്ത്ര വിഷയങ്ങൾ വ്യക്തവും രസകരവുമായ രീതിയില്‍ സാധാരണക്കാരായ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇപ്പോള്‍ സയന്‍സ് സ്ലാമുകള്‍ നടന്നുവരുന്നു. കഥപറച്ചിൽ, നർമ്മം, മറ്റ് സർഗ്ഗാത്മക അവതരണങ്ങള്‍, പ്രോപ്‌സ് പോലുള്ള ദൃശ്യസഹായികൾ, നാടകീയപ്രകടനങ്ങൾ, പ്രേക്ഷകപങ്കാളിത്തം, അനുബന്ധ സംഭവചിത്രണങ്ങള്‍  എന്നിവയെല്ലാം ഉൾപ്പെടുത്തുന്ന വേറിട്ട അവതരണശൈലിയാണ് ഇത്തരം പരിപാടികളെ ആകര്‍ഷകമാക്കുന്നത്.    ശാസ്തത്തിന്‍റെ നവീനമായ സങ്കേതങ്ങള്‍ അവതരണകലയുമായി ഇഴുകിച്ചേരുന്ന അപൂര്‍വ്വസുന്ദരമായ വൈജ്ഞാനിക ദൃശ്യവിരുന്നാണ് പലപ്പോഴും സയൻസ് സ്ലാമുകൾ. 

പൊതുവേദികളില്‍ വെച്ചുനടക്കുന്ന തത്സമയ മത്സരംകൂടിയാണിത്. വ്യക്തത, സർഗ്ഗാത്മകത, മൊത്തത്തിലുള്ള പ്രേക്ഷകസ്വാധീനം എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികളെ വിലയിരുത്തുന്നത് ഗവേഷകർക്ക് അവരുടെ ആശയവിനിമയ കഴിവുകൾ വര്‍ദ്ധിപ്പിക്കുവാനും  വ്യത്യസ്ഥമായി ചിന്തിക്കുന്ന  പ്രേക്ഷകരിൽനിന്നുള്ള  അഭിപ്രായങ്ങള്‍  സ്വീകരിച്ചുകൊണ്ട് സ്വന്തം ഗവേഷണത്തെ ആവശ്യമായ രീതിയില്‍ പുതുക്കാനുമുള്ള  അവസരം ലഭിക്കുന്നു.    സയൻസ് സ്ലാമിൽ കേള്‍വ്വിക്കാരായി പങ്കെടുക്കുന്നവർ വിഷയവിദഗ്ധരല്ല. അതുകൊണ്ടുതന്നെ അവതരണങ്ങള്‍ തത്സമയം വിലയിരുത്തുന്നതിനായി മുന്‍കൂട്ടി നിശ്ചയിച്ച  വിഷയവിദഗ്ധരുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. എങ്കിലും സാധാരണക്കാരായ കേള്‍വിക്കാര്‍ തന്നെയാണ്  പരിപാടിയിലെ യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍.   ഏറ്റവും നവീനമായ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച്,  സങ്കീർണ്ണമായ ശാസ്ത്ര ആശയങ്ങൾ സാധാരണ പ്രേക്ഷകർക്ക് ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കുന്ന  ഇത്തരം അവതരണങ്ങള്‍  രസകരമാക്കാൻ അവതാരകർ ശ്രമിക്കുന്നതുവഴി  ശാസ്ത്രജ്ഞരും പൊതുജനങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധം വളർന്നുവരുന്നു. ആകര്‍ഷകവും  വിനോദപ്രദവുമായ രീതിയിൽ പ്രേക്ഷകരെ  ശാസ്ത്രം പഠിപ്പിക്കുവാന്‍  സയന്‍സ് സ്ലാമുകളിലൂടെ കഴിയുന്നു. ആത്യന്തികമായി,  സയൻസ് സ്ലാമുകള്‍   ഉപയോഗിക്കുന്ന രീതികൾ വളരെ സങ്കീര്‍ണ്ണമായ ശാസ്ത്രഗവേഷണങ്ങള്‍  മനസ്സിലാക്കുന്നതിനുള്ള തടസ്സങ്ങൾ തീര്‍ത്തുതരുന്ന പരിപാടിയാണ്.  ശാസ്ത്രസമൂഹത്തിനും പൊതുജനങ്ങൾക്കും ഇടയിലുള്ള വിടവുകള്‍ ഇല്ലാതാക്കുന്ന ഇത്തരം പരിപാടികള്‍  സമൂഹത്തിന്റെ ശാസ്ത്രാഭിരുചി വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ  സഹായിക്കുന്നു. രസകരവും സംവാദാത്മകവുമായ രീതിയിൽ സാധാരണക്കാരായ ശാസ്ത്രകുതുകികള്‍   വിദ്ഗധരായ ശാസ്ത്രജ്ഞരുമായി തങ്ങളുടെ ജിജ്ഞാസകള്‍ പങ്കുവെക്കുന്നതിനെ  പ്രോത്സാഹിപ്പിക്കുമ്പോഴാണ് സയൻസ് സ്ലാമിന്‍റെ ലക്ഷ്യം പൂര്‍ത്തിയാവുക. 

സയൻസ് സ്ലാം എന്ന ആശയം യു കെ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു, അവിടെ സയൻസ് സ്ലാമുകൾ വിനോദപരവും വിദ്യാഭ്യാസപരവുമായ പരിപാടികളായി പ്രചാരം നേടി. ഇന്ന് ലോകമെമ്പാടും,  വിവിധ രാജ്യങ്ങളിൽ സയൻസ് സ്ലാമുകൾക്ക്  സ്വീകാര്യത വര്‍ദ്ധിച്ചുവരുകയാണ്.  സമീപ വർഷങ്ങളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും നടക്കുന്ന ഇത്തരം പരിപാടികൾക്കൊപ്പം വടക്കേ അമേരിക്കയിലും സയൻസ് സ്ലാമുകൾ ശ്രദ്ധ നേടിയിട്ടുണ്ട്.  ഈ സ്ലാമുകള്‍ ശാസ്ത്രജ്ഞർ, അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുള്‍പ്പെടുന്ന  വൈവിധ്യമാർന്ന പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഏവര്‍ക്കും  മനസ്സിലാക്കാവുന്നതും ആകർഷകവുമായ രീതിയില്‍  വൈവിധ്യമാര്‍ന്ന ഗവേഷണ വിഷയങ്ങൾ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഇത്തരം സ്ലാമുകള്‍ കാരണമായിട്ടുണ്ട്.  ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിടങ്ങലിലുൾപ്പെടെ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളിൽ സയൻസ് സ്ലാമുകള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.  ഈ നൂതന സയൻസ് കമ്മ്യൂണിക്കേഷൻ ഫോർമാറ്റ്  ആഗോള വ്യാപനം ലോകത്തെ  സമ്പൂര്‍ണ്ണ ശാസ്ത്രസാക്ഷരതയിലേക്ക്  നയിക്കുമെന്ന സുന്ദരസ്വപ്നമാണ് പങ്കുവെക്കുന്നത്.

കേരളത്തിൽ ആദ്യമായി നടക്കുന്ന സയൻസ് സ്ലാമിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

(ശാസ്ത്രകേരളം മാസിക 2024 നവംബർ ലക്കത്തിലെ വാക്കിന്റെ വർത്തമാനം പംക്തിയിൽ എഴുതിയ കുറിപ്പ്)

Scroll to Top