നവംബർ 30 – കണ്ണൂർ റീജിയണൽ സയൻസ് സ്ലാം അവതരണങ്ങൾ

Kannur University – Mangattuparamba Campus

2024 നവംബർ 30 , ശനി

20

അവതരണങ്ങൾ

300

കേൾവിക്കാർ

09.30 AM

തുടക്കം

05.30 PM

സമാപനം

KANNUR REGION

നവംബർ 30 കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വെച്ച് പരിസ്ഥിതി പഠനവിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തിയ ഗവേഷകരും അവതരണ വിഷയങ്ങളും

KERALA SCIENCE SLAM – KANNUR REGION 1

നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ?

ആൻസി സി. സ്റ്റോയ് (ICAR – Central Marine Fisheries Reseach Institiute, Ernakulam)

സംഗ്രഹം

ജലാശയങ്ങൾ കാണാൻ പോകുമ്പോൾ ഇനിമുതൽ നമുക്ക് ജലത്തിന്റെ ഗുണമേന്മ അളക്കാം. വെള്ളത്തെ കാണുമ്പോൾ പോക്കറ്റിലേക്ക് തിരികെ കയറുന്നതാണ് നമ്മുടെ ഫോണുകളുടെ ശീലം. എന്നാൽ ഇപ്പോൾ ‘TurbAqua’ ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകൾക്കൊന്നും ആ പേടി ഇല്ല. ഈ ആപിന്റെയും ‘Mini Secchi Disk’ എന്ന ഉപകാരണത്തിടെയും സഹായത്തോടെ നമ്മൾ ജലത്തിന്റെ തെളിമയും നിറവും നിർണയിക്കുന്നു. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപെടുന്ന വിവരശേഖരണത്തിലൂടെ അതായത് പൗരശാസ്ത്രത്തിലൂടെ നമ്മൾ ജലാശയങ്ങളെപ്പറ്റി പഠിക്കുന്നു. നിങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികൾ ആകാം. നമ്മുക് ഒരുമിച്ച് ജലാശയങ്ങളുടെ കാവലാളുകൾ ആകാം.

KERALA SCIENCE SLAM – KANNUR REGION 2

കണ്ടൽ കാടുകളും, കാർബൺ സംഭരണവും

സ്വേധ മാധവൻ എം (Department of Botany Government Brennen College Dharmadam,)

സംഗ്രഹം

അഴിമുഖങ്ങളിലും, കായലോരങ്ങളിലും, ചതുപ്പുകളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. പ്രകൃതി തീർത്ത വേലിക്കെട്ടുകൾ പോലെ പരസ്പരം കൈ കോർത്തു പിടിച്ചു കണ്ടൽ മരങ്ങൾ ഉപ്പു വെള്ളത്തിൽ വളരുന്നു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ് കാലാവസ്ഥ വ്യതിയാനവും, ആഗോളതാപനവും. ഒരു പരിധിവരെ ഇതിനെ ചെറുത്തു നിർത്താൻ കണ്ടൽകാടുകളുടെ കാർബൺ സംഭരണശേഷി എന്ന കഴിവ് ഉപയോഗപ്പെടുത്താം. വടക്കൻ കേരളത്തിലെ പ്രധാന കണ്ടൽ ഇനങ്ങളും, അവയുടെ കാർബൺ സംഭരണ ശേഷിയും കൂടാതെ കണ്ടൽ കാടുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവുമാണ് ഉള്ളടക്കം. എന്താണ്? എവിടെയാണ്? എങ്ങനെയാണ്? കണ്ടലുകൾ കാർബൺ സംഭരിക്കുന്നത്, നമ്മുടെ നാട്ടിലെ കണ്ടലുകൾക്ക് എത്രമാത്രം കാർബൺ സംഭരിക്കാൻ സാധിക്കും? ഇതിനെക്കുറിച്ചു നമുക്ക് കൂടുതൽ അറിയാം സയൻസ് സ്ലാമിലൂടെ…

KERALA SCIENCE SLAM – KANNUR REGION 3

സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവും

ഡോ. യദുകൃഷ്ണൻ (Department of Microbiology & Cell Biology, Indian Institute of Science)

സംഗ്രഹം

അപായങ്ങളിൽ നിന്നും ഓടിയൊളിക്കാൻ കഴിവില്ലെങ്കിലും ഒരിടത്ത് വേരുറപ്പിച്ചുകൊണ്ടുതന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിശയകരമായ വൈദഗ്ധ്യം സസ്യങ്ങൾക്കുണ്ട്. ഉദാഹരണത്തിന്, സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനായി സസ്യങ്ങൾ “സൺസ്ക്രീൻ” പോലെ പ്രവർത്തിക്കുന്ന ചില ജൈവതന്മാത്രകൾ നിർമിക്കുന്നു. ഇത്തരം തന്മാത്രകളുടെ ഉൽപാദനം ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനുമുള്ള ശേഷിയും സസ്യങ്ങൾക്കുണ്ട്. ഈ പ്രതിഭാസത്തിനു പിന്നിലെ ജനിതകരഹസ്യത്തെക്കുറിച്ച് കൂടുതലറിയാം…

KERALA SCIENCE SLAM – KANNUR REGION 4

ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾ

നയന ദേവരാജ് (Indian institute of science, Bangalore)

സംഗ്രഹം

കാന്തികതയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ആകർഷണവും വികർഷണവുമായിരിക്കും. എന്നാൽ ഈ ഒരു സ്വഭാവസവിശേഷത ഇല്ലാത്ത തരം മാഗ്നെറ്റുകളും ഉണ്ട്. ആന്റിഫെറോമാഗ്നറ്റുകൾ അത്തരത്തിൽ ഉള്ളവയാണ്. ഇതേ പോലെ ആകർഷണമോ വികർഷണമോ കാണിക്കാത്ത ഒരു പുതിയ തരത്തിലുള്ള കാന്തിക വസ്തുക്കൾ ഈയിടെ കണ്ടെത്തപ്പെട്ടു- ആൾട്ടർമാഗ്നറ്റുകൾ. ആന്റിഫെറോമാഗ്നെറ്റുകളെ പോലെ പ്രകടമായ കാന്തികത ഇല്ലാതെ ഇരിക്കുമ്പോഴും ഇരുമ്പ്, കോബാൾട്ട് പോലെയുള്ള കാന്തിക സ്വഭാവം പ്രകടിപ്പിക്കുന്ന ഫെറോമാഗ്നെറ്റുകൾക്ക് മാത്രം സ്വന്തമായി ഉണ്ടായിരുന്ന പല സവിശേഷതകളും ആൾട്ടർമാഗ്നെറ്റുകൾക്കുമുണ്ട്. ഈ സവിശേഷ കോമ്പിനേഷൻ ഉള്ളത് കൊണ്ട് തന്നെ ഭാവിയിലെ സാങ്കേതിക വിദ്യകളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി ആൾട്ടർമാഗ്നെറ്റുകൾക്കുണ്ട്. കൂടുതൽ കാര്യക്ഷമതയും വേഗതയും നൽകാൻ സാധിക്കുന്ന ഹാർഡ് ഡിസ്ക്, ചിപ്പ് ഉൾപ്പെടെ ഉള്ള നിരവധി ഉപകരണങ്ങൾ നിർമിക്കാൻ ആൾട്ടർമാഗ്നെറ്റുകൾ അനുയോജ്യമായി തീരും.
എന്റെ ഗവേഷണം ആൾട്ടർമാഗ്നറ്റുകളുടെ സ്വഭാവങ്ങളെ ആഴത്തിൽ മനസിലാക്കാനും അവയുടെ സവിശേഷതകളെ സ്പിൻട്രോണിക്‌ ഉപകരണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എങ്ങിനെ മെച്ചപ്പെടുത്താം എന്നുള്ളതും ആണ്.

KERALA SCIENCE SLAM – KANNUR REGION 5

പക്ഷാഘാതം: വൈകല്യങ്ങൾ മറികടക്കാൻ സ്റ്റ്രോക്ക് റീഹാബിലിറ്റേഷൻ

റിനി പി.ജി. (National Institute of mental health and neuroscience ( NIMHANS) ,Bengaluru)

സംഗ്രഹം

പക്ഷാഘാതം അഥവാ സ്റ്റ്രോക്ക് നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖം ആണ്. തലച്ചോറിലേക്ക് രക്തമൊഴുക്ക് തടയപ്പെടുന്നതാണ് സ്റ്റ്രോക്കിന് കാരണമാകുന്നത്. സ്റ്റ്രോക്ക് ലോകമെമ്പാടുമുള്ള മരണത്തിന്റെയും വൈകല്യത്തിന്റെയും രണ്ടാമത്തെ വലിയ കാരണം ആണ് . ഈ വൈകല്യങ്ങളെ തരണം ചെയ്ത് അവരുടെ പഴയ നിലയിലേക്ക് തിരിച്ചെത്താൻ സ്റ്റ്രോക്ക് വന്നവരെ സഹായിക്കുക എന്നതാണ് സ്റ്റ്രോക്ക് റീഹാബിലിറ്റേഷൻ (പുനരധിവാസം) ഗവേഷണ മേഖലയിലെ പ്രധാനപ്പെട്ട ലക്ഷ്യം.

KERALA SCIENCE SLAM – KANNUR REGION 6

ഒരു കൊച്ചു സഞ്ചാരിയുടെ കഥ ( A Tiny Travelers Tale)

രമ്യ വേണുഗോപാൽ (Department of Zoology Mananthavady campus Kannur University)

സംഗ്രഹം

ഉറുമ്പുകൾ പ്രകൃതിയുടെ സേവകരാണ്.വളരെ ചെറിയ ജീവികളാണെങ്കിലും സങ്കിർണമായ ഒരു ജീവിതം ആണ് ഇവർ നയിക്കുന്നത്. സാമൂഹിക ജീവിതം നയിക്കുന്ന ഇവർ ഓരോരുത്തർക്കും കൃത്യമായ ജോലികൾ വീതം വെച്ച് നല്കപ്പെട്ടീട്ടുണ്ട്.നമുക്കു ചുറ്റുമുള്ള ഉറുമ്പുകൾ പല തരത്തിലുണ്ട് ഓരോ ഉറുമ്പിന്റെ ജീവിതവും ചില വ്യവസ്ഥകളിൽ അധിഷ്ഠിതമാണ് .ആ വ്യവസ്ഥകളെ കുറിച്ചും ഇവയെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ചുമാണ് വിവരിക്കുന്നത് .

KERALA SCIENCE SLAM – KANNUR REGION 7

കണ്ടൽക്കാടുകളിലെ പോഷക ചക്രങ്ങൾ

ഹരിപ്രിയ ബാബുരാജ് (Sir Syed College, Taliparamba Affiliated to Kannur University)

സംഗ്രഹം

ശുദ്ധജലവും ഓരു ജലവും സംയോഗിക്കുന്ന പ്രദേശങ്ങളിലാണ് കണ്ടൽക്കാടുകൾ എന്ന അതിലോലമായ ആവാസ വ്യവസ്ഥ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുത്ത കണ്ടൽ ആവാസവ്യവസ്ഥയിലെ പോഷക മൂലകങ്ങളുടെ ചക്രമാണ് ഈ പഠനത്തിന്റെ ആധാരം.

KERALA SCIENCE SLAM – KANNUR REGION 8

വ്യാവസായിക മലിനജല ശുദ്ധീകരണത്തിൽ ഹരിത ലായകങ്ങളുടെ സാധ്യതകൾ

ഡോ.സചിന്ത് പ്രഭ പടിഞ്ഞാറ്റത്ത് (Department of Chemistry Indian Institute of Technology Madras)

സംഗ്രഹം

വ്യാവസായിക മലിനജല ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന സാമ്പ്രദായിക പ്രക്രിയകൾക്ക് നിരവധി പരിമിതികളുണ്ട്. ഹരിത ലായകങ്ങൾ അഥവാ ഗ്രീൻ സോൾവെന്റ്സ് (Green Solvents) ഉപയോഗിച്ചുള്ള സോൾവന്റ് എക്സ്ട്രാക്ഷൻ (Solvent extraction) ടെക്‌നിക്ക് ഈ പരിമിതികളെ ഒരു പരിധിവരെ മറികടക്കുകയും, പ്രക്രിയ കൂടുതൽ എളുപ്പമുള്ളതും സുഗമവുമാക്കി തീർക്കുകയും ചെയ്യുന്നു. ഇത്തരം ഹരിത ലായകങ്ങളുടെ നിർമാണവും, അവ ഉപയോഗിച്ചുള്ള ലബോറട്ടറി സ്കെയിൽ പഠനങ്ങളുടെ റിസൾട്ടുകളും, ഈ പ്രക്രിയയുടെ ഭാവി സാധ്യതകളുമാണ് സ്‌ലാമിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

KERALA SCIENCE SLAM – KANNUR REGION 9

Sagar alias risky : കേരളത്തിന്റെ തീരമേഖലയുടെ Risk assessment

അനഘ കെ.എച്ച്. (IIT Roorkee, Roorkee Haridwar Uttarakhand)

സംഗ്രഹം

തീരമേ തീരമേ.. നീറുമലകടലാഴമേ.. നമ്മുടെ തീരദേശം പ്രകൃതി ദുരന്തങ്ങളാലും കാലാവസ്ഥ വ്യത്യാനം മൂലവും മാനുഷിക ഇടപെടൽ കൊണ്ടും നീറി കൊണ്ടിരിക്കുകയാണ്.
സമുദ്രനിരപ്പ് ഉയരുന്നതിനാൽ കേരളത്തിലെ ചില തീരദേശങ്ങൾ വെള്ളത്തിനടിയിൽ ആവും എന്നാണ് പഠനങ്ങൾ പറയുന്നത്!
ചുഴലിക്കാറ്റ്, കടൽ ക്ഷോഭം, തീരദേശ മണ്ണൊലിപ്പ്, സുനാമി, തീരദേശത്തെ വെള്ളപ്പൊക്കം- ഇവയെല്ലാം നമ്മുടെ തീരദേശത്തെ അലട്ടി കൊണ്ടിരിക്കുകയാണ് ഇവയുടെയ്യെല്ലാം impact നിങ്ങളെ ബാധിക്കുമോ? എങ്കിൽ എവിടെയെല്ലാം ആണ് ഇവയുടെ റിസ്ക് കൂടുതൽ ഉള്ളത്, വിവിധ മേഖലകളെ എങ്ങനെ ബാധിക്കും, എന്തെല്ലാം ആണ് അതിന്റെ കാരണങ്ങൾ, ഇവയെല്ലാം ചെറുക്കാൻ നയപരമായി എന്തെല്ലാം ചെയ്യാം എന്നതിലേക്കുള്ള ഒരു പഠനം ആണ് എന്റെ ടോപിക്.

KERALA SCIENCE SLAM – KANNUR REGION 10

ഭ്രമണചലനം വിത്തുകളിൽ

ദൃശ്യ വി.വി. (Department of Botany Govt. Brennen College, Dharmadam)

സംഗ്രഹം

പ്രകൃതി എന്നത് നിരവധി അത്ഭുത പ്രതിഭാസങ്ങളുടെ ഒരു കലവറയാണ്. അത്തരത്തിൽ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ചില സസ്യങ്ങളുടെ വിത്തുകളിൽ കാറ്റ് വ്യാപന സമയത്ത് പ്രകടമാവുന്ന കറക്കം അല്ലെങ്കിൽ ഭ്രമണ ചലനം. ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത്തരത്തിലുള്ള വിത്തുകളുടെ ഒരു വൈവിധ്യം തന്നെ നമുക്ക് സസ്യങ്ങളിൽ കാണാൻ സാധിക്കും. ഇങ്ങനെയുള്ള നമുക്ക് സുപരിചിതമർന്ന ചില വിത്തുകളെയും അവയുടെ ഭ്രമണ ചലന കാരണങ്ങളുമാണ് ഇവിടെ പ്രതിപാദിക്കാൻ പോവുന്നത്.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION 11

മലബാർ ചീരയുടെ ചികിത്സാ ഗുണനിലവാര വിലയിരുത്തലും ന്യൂട്രാസ്യൂട്ടിക്കൽ വികസനവും

ഗായത്രി ദേവി വി (Kerala Agricultural University, College of Agriculture Vellayani Thiruvananthapuram)

സംഗ്രഹം

വ്യാപകമായി ഉപയോഗിക്കപ്പെടാത്ത പല വിളകളും പോഷകസമൃദ്ധമാണ്, അവയുടെ കൃഷിക്ക് ബുദ്ധിമുട്ടുള്ള കാർഷികരീതികളൊന്നും ആവശ്യമില്ല. അധികം അറിയപ്പെടാത്തതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ സസ്യങ്ങൾ പോഷകങ്ങളുടെയും ജൈവശാസ്ത്രപരമായി സജീവമായ സംയുക്തങ്ങളുടെയും മികച്ച സ്രോതസ്സാണ്. വിറ്റാമിൻ എ, സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് മലബാർ ചീര. ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി അൾസർ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവയ്‌ക്കൊപ്പം സമൃദ്ധമായ വിറ്റാമിനുകളും രാസഘടനയും കാരണം ഇത് മനുഷ്യരുടെ ആരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. മലബാർ ചീരയുടെ ആരോഗ്യ ഗുണങ്ങൾ കൂടാതെ, പ്രകൃതിദത്തമായ നിറമായി പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ആകർഷകമായ നിറവും ഇതിനുണ്ട്. മലബാർചീരയുടെ ഇലയിൽ നിന്നും ഒരു ന്യൂട്രസൂട്ടിക്കൽ രൂപകൽപനയും കായിൽ നിന്നും പ്രകൃതിദത്തമായ നിറത്തിൻറെ നിർമാണവും അതിനെ ഒരു ഫംഗ്ഷണൽ പാനിയത്തിൽ ചേർത്തുള്ള നിരീക്ഷണവും ആണ് ഈ ഗവേഷണം കൊണ്ട് സാധ്യമാക്കുന്നത്.

KERALA SCIENCE SLAM – KANNUR REGION 12

കളകൾ കളയാൻ വരട്ടെ, കണങ്ങളാക്കി കൂടെ കൂട്ടാം.

ബീഗം സാലിഹ എം. (Sir Syed College Taliparamba Kannur)

സംഗ്രഹം

വിളനഷ്ടം ഉണ്ടാക്കുന്ന കളകളിൽ നിന്ന് പ്രകൃതിക്ക് ഇണങ്ങുന്നതും ചെലവ് കുറഞ്ഞതുമായ രീതിയിൽ നാനോ കണങ്ങൾ നിർമിക്കുന്നു. അതിലൂടെ ചെടികളുടെ വളർച്ചയും അതിജീവന തോതും വർധിപ്പിച്ചു കൊണ്ട് സുസ്ഥിര വികസന രീതിയിലൂടെ കാർഷിക മേഖലക്ക് ഒരു സംഭാവന നൽകുന്നു.

KERALA SCIENCE SLAM – KANNUR REGION 13

കളകളിൽ നിന്നും പ്രകൃതി ഔഷധ വികസനത്തിന്

ശ്രീലക്ഷ്മി ടി. (Sree Narayana College Kannur , Thottada)

സംഗ്രഹം

ലിൻഡേർണിയേസീ കുടുംബത്തിലെ ചില സസ്യങ്ങൾ, വയലുകളിലും മറ്റും കളകളായി കണക്കാക്കപ്പെടുന്നു. എന്നാൽ പുതിയ പഠനങ്ങൾ ഈ സസ്യങ്ങൾക്ക് ഫൈറ്റോ കെമിക്കലും ഫാർമകോളജിക്കലും കഴിവുകൾ ഉണ്ടെന്ന് തെളിയിക്കുന്നു. ലിൻഡേർണിയ ഹൈസോപ്പോയ്ഡെസും ബോണായ ആന്റിപോഡയും തമ്മിലുള്ള ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഈ പഠനം, പരമ്പരാഗത ഔഷധങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ വിപുലീകരിക്കുന്നു.

KERALA SCIENCE SLAM – KANNUR REGION 14

സാമ്പർച്ചീര: കോപ്പർ മലിനീകരണത്തിനെതിരെ ഉള്ള ഒരു സുസ്ഥിരമായ ചുവടുവെപ്പ്

സഞ്ജന സുരേഷ് (Department of Botany Sir Syed College, Taliparamba Kannur university)

സംഗ്രഹം

സസ്യങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ള മലിനീകരണ നിർമാർജ്ജന രീതിയെ (ഫൈറ്റോറെമഡിയേഷൻ) അടിസ്ഥാനമാക്കി, മണ്ണിൽ വർധിച്ചുവരുന്ന കോപ്പർ മൂലകത്തിന്റെ അളവ് സാമ്പാർച്ചീര ഉപയോഗിച്ച് നിയന്ത്രിക്കാം. സാമ്പാർച്ചീരയ്ക്ക് മണ്ണിലെ കോപ്പർ ആഗിരണം ചെയ്ത് വേരിനുള്ളിൽ സംഭരിക്കുവാൻ ഉള്ള അപൂർവമായ കഴിവ് ഉണ്ട്. കൂടാതെ, വേരിൽ എത്തിച്ചേരുന്ന അധിക കോപ്പർ അവിടെത്തന്നെ നിയന്ത്രിക്കപ്പെടുന്നതിനാൽ, സാമ്പാർച്ചീരയുടെ ഇലകൾ ഭക്ഷണമാക്കുന്ന മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും കോപ്പർ എത്തിച്ചേരുന്നത് തടയുന്നു.

KERALA SCIENCE SLAM – KANNUR REGION 15

കുട്ടനാട്ടിലെ ആമ്പൽ വസന്തം ; ഒരു അന്വേഷണം

അൻഷാദ് എം. (KSCSTE-Jawaharlal Nehru Tropical Botanical Garden and Research Institute,Palode, Thiruvananthapuram)

സംഗ്രഹം

അതിവിശാലമായ കായലുകൾക്കും നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേര് കേട്ട പ്രദേശമാണ് കുട്ടനാട്. കേരളത്തിലെ തന്നെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലായി ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കുട്ടനാട്ടിലെ പല ഇടത്തോടുകളിലും, പാടശേഖരങ്ങളിലും, പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കൾ,ഇന്ന് വ്യാപകമായി വർദ്ധിച്ചു വരുന്നു.ഇത്തരം ആമ്പലുകളുടെ വിവിധ സാധ്യതകളിലേക്കും, അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കും ഈ അന്വേഷണം വിരൽ ചൂണ്ടുന്നു .

KERALA SCIENCE SLAM – KANNUR REGION 16

കൃഷിയിടങ്ങളിലെ പക്ഷി ശല്യം ഒഴിവാക്കാൻ AI അധിഷ്ഠിത സാങ്കേതിക വിദ്യ

ജോൺസൺ വൈ. (Department of Futures Studies, University of Kerala)

സംഗ്രഹം

വയലേലകളിലെ വിളവ് നശിപ്പിക്കാൻ കൂട്ടത്തോടെ വരുന്ന പക്ഷികളെ ദേഹോപദ്രവം ഏൽപ്പിക്കാത്ത വിധം ആട്ടിയോടിക്കാൻ രൂപകൽപ്പന ചെയ്യുന്ന സംവിധാനം. പക്ഷികളുടെ ചിത്രങ്ങൾ AI അധിഷ്ഠിത ക്യാമറകൾ വഴി തത്സമയം പകർത്തി, ഏതെന്നു നിർണ്ണയിച്ച ശേഷം അവയ്ക്ക് അരോചകമായ ശബ്ദങ്ങളിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ കൃഷിയിടങ്ങളിൽ നിന്നും അകറ്റുന്നു.

KERALA SCIENCE SLAM – KANNUR REGION 17

പണ്ടേ പൊട്ടും ‘പൊട്ടുവെള്ളരി’

ലിജ എം. (Department of Botany, university of kerala Kariavattom,Trivandrum)

സംഗ്രഹം

കേരളത്തിൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ലാഭകരമായ ഒരു വെള്ളരി കൃഷി ആണ് പൊട്ടുവെള്ളരി കൃഷി. എന്നാൽ മൂപ്പെത്തിയ ഇവയുടെ കായകൾ പെട്ടെന്നു പൊട്ടി നശിച്ചു പോകുന്നത് ഈ കൃഷിക്ക് ഒരു വിലങ്ങുതടിയായി കൂടെ കൂടീട്ട് കാലം കുറേയായി. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പൊട്ടുവെള്ളരിയുടെ തൊലിപ്പുറത്തുണ്ടാകുന്ന ധാതുക്കള് ടെ ദൗര്‍ലഭ്യമാണ് ഇത്തരംപൊട്ടിപ്പോകലിനു പ്രധാന കാരണം എന്നാണ്.ആയതിനാൽ മണ്ണിലേയും ചെടിയിലേയുമം പോഷകാഹാരക്കുറവ് പരിഹരിച്ച് വിവിധ തരം മൈക്രോന്യൂട്രിയന്ടുകൾ സ്പ്രേ ചെയ്ത് പൊട്ടുവെള്ളരിയുടെ കായകൾ പൊട്ടുന്നത് നിയന്ത്രിക്കുന്നതിനു പഠനങ്ങൾ ഞങ്ങള്‍ കേരള സര്‍വകലാശാലയിൽ ചെയ്തുവരുന്നു.

KERALA SCIENCE SLAM – KANNUR REGION 18

മനുഷ്യ ഇടപെടലുകളും മാന്നാർ ഉൾക്കടലിലെ ആവാസവ്യവസ്ഥകളും.

രാഖിൽ ദേവ് (Dept. of Marine Geology and Geophysics School of Marine Sciences, CUSAT)

സംഗ്രഹം

മാന്നാർ ഉൾക്കടൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജൈവ പറുദീസ (ബയോളജിക്കൽ പാരഡൈസ്) എന്നറിയപ്പെടുന്നു. പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, കണ്ടൽ കാടുകൾ എന്നീ പ്രധാന ആവാസവ്യവസ്ഥകൾ ഒരുമിച്ച് കാണപ്പെടുന്ന ഇവിടം 1986 മുതൽ ഒരു സംരക്ഷിത പ്രദേശം കൂടെയാണ്. ഞങ്ങൾ നടത്തുന്ന പഠനം, സ്വാഭാവിക കാലാവസ്ഥ വ്യതിയാനവും മനുഷ്യ ഇടപെടലുകളും പ്രദേശത്തെ ജൈവ സന്തുലിതാവസ്ഥയെ എങ്ങനെയൊക്കെ, എത്രമാത്രം ബാധിക്കുന്നു എന്നറിയാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

KERALA SCIENCE SLAM – KANNUR REGION 19

പച്ചയും നീലയും:ഒരു അതിജീവനത്തിൻ്റെ കഥ

അമ്പിളി പി.(Department of Civil Engineering,National Institute of Technology, Calicut)

സംഗ്രഹം

ഇതൊരു മാറ്റത്തിൻ്റെ കഥയാണ്, രണ്ടു നിറങ്ങളുടെ പേരിൽ ഒളിഞ്ഞിരിക്കുന്ന ചില അതിജീവന രഹസ്യങ്ങളുടെ കഥ…ഒരു ചെറു മഴയിലും മുങ്ങി നിശ്ചലമായി പോവുന്ന നഗരങ്ങളെ, “വരാനിരിക്കുന്നത് ഇതിലും വലുതാണ്, കരുത്ത് ആർജിക്കൂ” എന്ന ഓർമ്മപ്പെടുത്തൽ…പച്ചയും നീലയും നമ്മുടെ നഗരങ്ങളുടെ മാംസവും രക്തവും ആണ്, അതില്ലാതെ നമുക്ക് ജീവിതമില്ല.വരൂ, ഒരുമിച്ച് നിന്നേ നമുക്ക് തുടർച്ചയുള്ളൂ…

KERALA SCIENCE SLAM – KANNUR REGION 20

മനുഷ്യരോ, അതോ മിഷിനോ? സ്തനാർബുദ ചികിത്സയിൽ ഇന്നത്തെ മിടുക്കർ ആര്?

Venketesh Thrithamara Ranganathan (Cape Breton Cancer Center Nova Scotia Health Authorities Sydney Canada)

സംഗ്രഹം

ആരോഗ്യ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യ ഒഴിച്ചുകൂടാ ഘടകം തന്നെ ആണ്. സ്തനാർബുദ ചികിത്സയിൽ, മനുഷ്യ നിർമിത treatment plans, automated treatment plans നേക്കാൾ ഫലപ്രദം എന്ന നിഗമനത്തിലെത്തുന്നു ഞങ്ങളുടെ ഗവേഷക സംഘം.

Scroll to Top