നവംബർ 9 – കുസാറ്റ് റീജിയണൽ സയൻസ് സ്ലാം അവതരണങ്ങൾ

Regional Science SlamCUSAT

നവംബർ 9 , ശനി, Science Park, C-SiS, CUSAT

25

അവതരണങ്ങൾ

200

കേൾവിക്കാർ

09.30 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

CUSAT REGION

നവംബർ 9 കൊച്ചി സർവ്വകലാശാല ശാസ്ത്രസമൂഹകേന്ദ്രത്തിൽ വെച്ച് നടന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തിയ ഗവേഷകരും അവതരണ വിഷയങ്ങളും

KERALA SCIENCE SLAM – CUSAT REGION – 1

സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഒരു എത്തിനോട്ടം

Mimisha M Menakath (Indian Institute of Technology Palakkad)

സംഗ്രഹം

ഭൂമിയിലെ കരഭാഗത്തിന്റെ 90% ഉം നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി അറിയാനുള്ളത് സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങൾ മാത്രമാണ്. അതിനുള്ള ഒരേ ഒരു വഴി സമുദ്രത്തിന്റെ അടിയിലെ ചിത്രങ്ങൾ എടുക്കുക എന്നുള്ളതാണ്. വെള്ളത്തിനടിയിലെ ചിത്രങ്ങൾ എടുക്കുന്നത് അത്രയ്ക്ക് എളുപ്പമാണോ? ശബ്ദത്തെ കാണാൻ കഴിയുമോ? ശബ്ദം ഉപയോഗിച്ചു വെള്ളത്തിനടിയിലെ ചിത്രം എടുക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് എന്റെ ഗവേഷണം.

KERALA SCIENCE SLAM – CUSAT REGION – 2

അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ

ഡോ. കീർത്തി വിജയൻ (Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur)

സംഗ്രഹം

കേരളത്തിലങ്ങോളമിങ്ങോളം നാനൂറിലേറേ ഇടങ്ങളിൽ ജനങ്ങൾക്ക് തലവേദനയായിരിക്കുന്ന ആഫ്രിക്കൻ ഒച്ചിനെ കുറിച്ചാണ് എന്റെ പഠനം. ഏകദേശം 180ലേറെ വർഷങ്ങൾക്കു മുൻപാണ് ഇവർ നമ്മുടെ രാജ്യത്ത് എത്തിച്ചേർന്നത്. പിന്നീട് പലതവണയായി പല മാർഗങ്ങളിലൂടെയും ഈ ഒച്ച് നമ്മുടെ നാട്ടിൽ എത്തിച്ചേരുകയുണ്ടായി. ഇവ എങ്ങനെയാണ് വീണ്ടും വീണ്ടും നമ്മുടെ രാജ്യത്തേക്ക് എത്തിച്ചേരുന്നത് എന്നതിനെക്കുറിച്ച് നൂതനമായ ജനിതക മാർഗ്ഗങ്ങളിലൂടെ ഞാൻ നടത്തിയ കണ്ടെത്തലുകളാണ് സയൻസ് സ്ലാമിൽ അവതരിപ്പിക്കുന്നത്.

KERALA SCIENCE SLAM – CUSAT REGION- 3

പുതിയ ലോകങ്ങളെ കണ്ടെത്താം

വർഗ്ഗീസ് റെജി (Department of Astronomy and Astrophysics, Tata Institute of Fundamental Research)

സംഗ്രഹം

അയ്യായിരത്തിലധികം എക്സോപ്ലാനറ്റുകളെ നാം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ധാരാളം കണ്ടെത്തുവാനുമുണ്ട്. അവയ്ക്കായി അവലംബിക്കുന്ന രീതികളും, അതിലെ മുന്നേറ്റങ്ങളുമാണ് നാം ചർച്ച ചെയ്യുന്നത്.

KERALA SCIENCE SLAM – CUSAT REGION- 4

കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ

ആദിത്യ സാൽബി (Inter University Centre for Nanomaterials and Devices, Cochin University of Science and Technology)

സംഗ്രഹം

കാൻസർ ചികിത്സയും അതിന്റെ പാർശ്വഫലങ്ങളും പലപ്പോഴും കാൻസർ എന്ന രോഗത്തെപ്പോലെ തന്നെ നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ്. അവയെ മറികടക്കുക എന്ന ലക്ഷ്യവുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ഗവേഷണങ്ങളിൽ വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ് നാനോ മെറ്റീരിയലുകൾ കൊണ്ടുളള നൂതന ചികിത്സാരീതികൾ. പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം. ഈ നൂതന ചികിത്സാരീതി കോശങ്ങളിലേക്ക് നേരിട്ട് ചികിത്സ എത്തിക്കുവാനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫലപ്രാപ്തി മെച്ചപ്പെടുത്തുവാനും സഹായകരമാകും. ആത്യന്തികമായി കാൻസർ ചികിത്സയുടെ വെല്ലുവിളികൾക്ക് പരിഹാരമാവുക എന്നതാണ് ഈ ഗവേഷണത്തിൻ്റെ പ്രധാന ലക്ഷ്യം.

KERALA SCIENCE SLAM – CUSAT REGION – 5

നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ

കുട്ടിമാളു വി.കെ (INDIAN INSTITUTE OF TECHNOLOGY PALAKKAD,)

സംഗ്രഹം

നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ തമ്മിലുള്ള ജോഡി ബന്ധത്തെ ഒരു ചിത്രരൂപത്തിൽ വരക്കുന്നതിനെയാണ് ഗണിതശാസ്ത്രത്തിൽ ഗ്രാഫ് എന്ന് പറയുന്നത്.രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദത്തെ ഒരു ഗ്രാഫ് ഉപയോഗിച്ച് രേഖപ്പെടുത്തിയെടുക്കാൻ സാധിക്കും.അതിന് രണ്ടു വ്യക്തികളെ രണ്ടു ബിന്ദുക്കളായി ഒരു വെള്ളക്കടലാസ്സിൽ പകർത്തുക. ആ രണ്ടു വ്യക്തികൾ തമ്മിൽ സൗഹൃദമുണ്ടെങ്കിൽ മാത്രം അതാതു ബിന്ദുക്കൾ തമ്മിൽ ഒരു രേഖ വരക്കുക.രണ്ടു വ്യക്തികൾ തമ്മിൽ സൗഹൃദമില്ലെങ്കിൽ രേഖ വരയ്ക്കാതിരിക്കുക. ഇങ്ങനെ നിങ്ങൾ അടങ്ങുന്ന നിങ്ങളുടെ സുഹൃദ് ശൃംഖലയെ ഒരു ഗ്രാഫ് രൂപത്തിൽ വെള്ളകടലാസ്സിൽ പകർത്തിയെടുക്കാൻ സാധിക്കും. ഇങ്ങനെയുള്ള ശൃംഖലയിൽ നിന്നും രസകരമായ ചില കൂട്ടായ്മകളെ കണ്ടെത്തുകയാണ് എന്റെ ഗവേഷണ വിഷയം

KERALA SCIENCE SLAM – CUSAT REGION – 6

ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി – Plan B Attacks on Networks

ഡോ. ദിവ്യ സിന്ധു ലേഖ (Indian Institute of Information Technology Kottayam Valavoor)

സംഗ്രഹം

നമുക്ക് ചുറ്റുമുള്ള ലോകം എന്നും മാറിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും അയയുകയും ചെയ്യുന്നു. കൂടി കൂടി വരുന്ന ഈ പരസ്പര ബന്ധങ്ങൾ ഒരു വലിയ ശൃംഖല നിർമ്മിക്കുന്നു, സോഷ്യൽ നെറ്റ്‌വർക്കുകൾ പോലെ. പകർച്ചവ്യാധികൾ , ഗതാഗതം, വാർത്താ പ്രചാരണം ഇവയെല്ലാം ഈ നെറ്റ്‌വർക്കുകൾ തന്നെ. ഞങ്ങളുടെ റിസർച്ച് ഗ്രൂപ്പ് ഗവേഷണം നടത്തുന്നത് നെറ്റ്‌വർക്ക് സയൻസ് അഥവാ ശൃംഖലാശാസ്ത്രത്തിലാണ്. പല തരം ആക്രമണങ്ങളെ ഈ നെറ്റ്‌വർക്കുകൾ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് ഞങ്ങൾ പഠിക്കുന്നു. ഈ വേദിയിൽ പരിചയപെടുത്തുന്നത് ഒരു പ്ലാൻ ബി നെറ്റ്‌വർക്ക് ആക്രമണ രീതിയെ കുറിച്ചാണ്. ഒരു സംരക്ഷിത നെറ്റ്‌വർക്കിൽ പ്ലാൻ ബി അറ്റാക്ക് വളരെ സ്വാധീനം ചെലുത്തുന്നു. ശേഷം വേദിയിൽ!

KERALA SCIENCE SLAM – CUSAT REGION – 7

ഭക്ഷ്യ സുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ

ഡോ. രേഷ്മ ടി.എസ് (Sanatana Dharma College Alappuzha Kerala)

സംഗ്രഹം

ഞാറില്ലെങ്കിൽ ചോറില്ല’ ഇനി കാലാവസ്ഥാ വ്യതിയാനത്തെ പേടിക്കാതെ ഞാറു നടാം. ലവണാംശം നിറഞ്ഞ മണ്ണിലും നെൽകൃഷി കൃഷി സാധ്യമാക്കുന്ന മിത്രബാക്ടീരിയകൾ ഇനി നമ്മുടെ കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വാകും. ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് വളരാൻ കഴിയുന്ന പൊക്കാളി നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങളിലെ മണ്ണിൽ നിന്നും വേർതിരിച്ചെടുത്ത സ്യൂഡോമൊണാസ് മിത്രബാക്ടീരിയകൾ കുട്ടനാട്ടിലെ ഓരു വെള്ള ഭീഷണിക്ക് ഒരു പരിഹാരമാവുമെന്ന് കണ്ടെത്തി.

KERALA SCIENCE SLAM – CUSAT REGION – 8

കുറുനരി മോഷ്ടിക്കരുത് !!

അർജുൻ സുരേഷ് (College of Forestry, Kerala Agricultural University (KAU), Vellanikkara, Thrissur,)

സംഗ്രഹം

ചെറുപ്പം തൊട്ടേ കേട്ട കഥകളിലൊക്കെ കുറുക്കൻ തന്ത്രശാലിയും, ചതിയനും, അവസരവാദിയും, കള്ളനുമാണ്. സുഹൃത്ത് ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കി തമ്മിലടിപ്പിച്ച് ചോരയുണ്ണാൻ കാത്തിരിക്കുന്നവരെ കുറുക്കനായിട്ടാണ് താരതമ്യം ചെയ്യുന്നത്. ഇത്രയേറെ അപവാദങ്ങൾക്ക് ഇരയായിട്ടുള്ള ജീവിവർഗ്ഗം വേറെയുണ്ടോ എന്നത് സംശയമാണ്. എന്നാൽ രസകരമായ വസ്തുത ഇതൊന്നുമല്ല, നമ്മുടെ നാട്ടിൻ പുറത്ത് കുറുക്കൻ എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ കുറുക്കൻ തന്നെയാണോ !കാലാകാലങ്ങളായി കാഴ്ചയിൽ സാമാന്യമായി തോന്നുന്ന രണ്ട് വ്യത്യസ്ത ജീവികൾക്ക് കുറുക്കൻ എന്ന ഒറ്റ പേര് തന്നെയാണ് നമ്മൾ ഉപയോഗിച്ചു വരുന്നത്. വ്യത്യസ്ത ജനസുകളിൽ പെട്ട രണ്ട് ജീവികളെ മലയാളത്തിൽ ഒറ്റ പേര് വിളിക്കുന്നത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും ജീവശാസ്ത്രത്തിൽ അത് അത്ര ലഘുവായ കാര്യമല്ല അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന നായയോട് സാമ്യമുള്ള രൂപവും വലിപ്പവും ഉള്ള ജീവിയെ, Indian Golden Jackal ( Canis aureus ), കുറുനരി എന്ന് വിളിക്കുന്നതാവും അഭികാമ്യം. തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ് , അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഈ മേഖലയിലുള്ള വിജ്ഞാന വിടവിനെ അഭിസംബോധന ചെയ്യുകയും കുറുനരികളുടെ ലോകത്തേക്ക് ചെന്ന് അവരുടെ ജീവിത രഹസ്യങ്ങൾ അറിയുകയുമാണ് നമ്മുടെ ലക്ഷ്യം.

KERALA SCIENCE SLAM – CUSAT REGION – 9

കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയക്ക് ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ?

ധന്യ കെ.എം (Department of Community Medicine Government Medical College Thrissur)

സംഗ്രഹം

ഈഡിസ് കൊതുകിന്റെ ശരീരത്തിൽ ധാരാളം endosymbiotic bacteria ജീവിയ്ക്കുന്നുണ്ട്. ഇതിൽ ചിലത് ഡെങ്കി വൈറസിനെ അനുകൂലമായും ചിലത് പ്രതികൂലമായും ബാധിക്കും എന്ന് പല പഠനങ്ങളും പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്.

KERALA SCIENCE SLAM – CUSAT REGION – 10

മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോപദാർത്ഥങ്ങളുടെ ഇമേജിങ്

എ.കെ. ശിവദാസൻ (Centre for Materials for Electronics Technology (C-MET), Thrissur)

സംഗ്രഹം

നമ്മുടെ കണ്ണിനു 0.1 മില്ലിമീറ്റർ (100 മൈക്രോമീറ്റർ) വലിപ്പമുള്ള വസ്തുക്കൾ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതിലും ചെറിയ വസ്തുക്കൾ ഒരു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ മാത്രമേ കാണാൻ പറ്റുകയുള്ളു. എന്നിരുന്നാലും മൈക്രോസ്കോപ്പിനും ഒരു മൈക്രോമീറ്റർ വലിപ്പത്തിന് താഴെയുള്ള വസ്തുക്കൾ തിരിച്ചറിയാൻ കഴിയില്ല. ഈ അവസരത്തിൽ മൈക്രോമീറ്ററിനും താഴെ വലിപ്പമുള്ള നാനോ (1 മൈക്രോമീറ്റർ=1000 നാനോമീറ്റർ) പദാർത്ഥങ്ങളെ എങ്ങെനെയാണ് നമുക്ക് പ്രകാശം ഉപയോഗിച്ചു പഠിക്കുവാൻ സാധിക്കുക? ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ചു നമുക്ക് നാനോ പദാർത്ഥങ്ങളെ തിരിച്ചറിയാമെങ്കിലും അവ എങ്ങിനെയാണ് പ്രകാശവുമായി സoവദിക്കുന്നത് എന്ന് നമുക്ക് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ല. ഇതിനെ മറികടക്കാൻ പ്രകാശത്തെയും ഇലക്ട്രോണുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലാസ്മോണുകൾക്ക് കഴിയും. പ്ലാസ്മോണുകളിൽ കൂട്ടി യോജിപ്പിച്ചിട്ടുള്ള അതി സൂക്ഷ്മ പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് കൊണ്ട് നമുക്ക് നാനോ പദാർത്ഥങ്ങളുടെ വളരെ അടുത്ത് പ്രകാശം എത്തിക്കാനും അവയെ വേർതിരിച്ചു അറിയാനും അതോടൊപ്പം നാനോ പദാർത്ഥങ്ങൾ എങ്ങനെയാണ് പ്രകാശവുമായി ഇടപെടൽ നടത്തുന്നത് എന്ന് പഠിക്കുവാനും സാധിക്കുന്നു. ഒറ്റകണികയായ നാനോ പദാർത്ഥത്തിനെ പോലും ഇങ്ങനെ പഠിക്കാൻ സാധ്യമാക്കുന്ന “Near-Field Scanning Optical Microscope ” നെ കുറിച്ചാണ് എന്റെ അവതരണം

KERALA SCIENCE SLAM – CUSAT REGION – 11

LED നിർമ്മാണത്തിന് Rare Earth മൂലകങ്ങൾ ഉപയോഗിച്ചുള്ള ഫോസ്‌ഫറുകൾ

Bibily Baby (School of Pure and Applied Physics, Mahatma Gandhi University, Kottayam)

സംഗ്രഹം

ലോകത്താകമാനം ഊർജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രകാശന ആവശ്യങ്ങൾക്കായുള്ള എൽഇഡികളെ സംബന്ധിച്ചുള്ള ഗവേഷണം പ്രാധാന്യമർഹിക്കുന്നു. അപൂർവ ഭൗമമൂലകങ്ങളായ Eu3+, Tb3+, Dy3+, Tm3+ എന്നിവ ഉപയോഗിച്ചുള്ള ഫോസ്ഫറുകളുടെ വികസനവും അവയുടെ പ്രായോഗിക ഉപയോഗങ്ങളും ചർച്ച ചെയ്യുന്നു.

KERALA SCIENCE SLAM – CUSAT REGION – 12

ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം.

അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.)

സംഗ്രഹം

ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം.

KERALA SCIENCE SLAM – CUSAT REGION – 13

Jugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം

നവ്യ റോസ് ജോർജ്ജ് (Department of Electrical Engineering, IIT MADRAS)

സംഗ്രഹം

ആഗോള മരണ നിരക്കിന്റെ പ്രധാന കാരണം ഹൃദയരോഗങ്ങളാണ് (20.5 ദശ ലക്ഷം മരണങ്ങൾ). ഇസിജി, രക്ത പരിശോധനകൾ, പൾസ് വേവ് വെലോസിറ്റി, പോലുള്ള നിരവധി മാർക്കറുകൾ ഹൃദയരോഗ സാധ്യതയെ കുറിച്ചു സൂചനകൾ നൽകുന്നുവെങ്കിലും, ഹൃദയത്തിന്റെ ഘടനാപരമായും പ്രവർത്തനപരമായും വരുന്ന തകരാറുകൾ വിലയിരുത്താൻ കഴിയുന്ന സംവിധാനങ്ങൾ വളരെ കുറവാണ്. ജഗുലർ വീനസ് പൾസ് വേവ്‌ഫോം ഫീച്ചറുകൾ റൈറ്റ് ഏട്രിയത്തിലെ സമ്മർദ്ദ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതുകൊണ്ട് ഹൃദയത്തിലെ ഘടനാപരമായ പ്രശ്നങ്ങൾക്കുള്ള സൂചനകൾ നൽകാൻ സാധിക്കും. ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

KERALA SCIENCE SLAM – CUSAT REGION – 14

ചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും

റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)

സംഗ്രഹം

നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.

KERALA SCIENCE SLAM – CUSAT REGION – 15

പുരയിടക്കൃഷി: കാർബൺ സംഭരണത്തിന്

സജിത സിറിൾ (Department of Silviculture and Agroforestry, College of Forestry, Kerala Agricultural University)

സംഗ്രഹം

കാടിനോട് സമാനത പുലർത്തുന്ന കേരളത്തിലെ പുരയിടക്കൃഷികൾ പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ഒരുപാട് സേവനങ്ങൾ നൽകുന്നുണ്ട്. വൃക്ഷനിബിഢമായ ഈ കൃഷിരീതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന്, താൽപര്യക്കുറവ് മൂലവും ഭൂമി മറ്റുപല ആവശ്യങ്ങൾക്കുപയോഗിച്ചും മുറിക്കപ്പെട്ടും പുരയിടകൃഷിരീതി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. പുരയിടകൃഷിരീതിയിലൂടെ മരങ്ങൾ നടുന്നതിനു, അതായത് കാർബൺ സംഭരിക്കപ്പെടുന്നതിനു, വീട്ടുടമസ്ഥർക്ക് പ്രചോദനമായി പണം ലഭിച്ചാലോ? അങ്ങനെ 2018 ലെയും 2020 ലെയും ജലപ്രളയത്തെ അതിജീവിച്ച, കേരളത്തിന്റെ സവിശേഷമായ ഈ കൃഷിരീതിയെ പ്രോത്സാഹിപ്പിക്കാനും സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും.

KERALA SCIENCE SLAM – CUSAT REGION – 16

സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ connected vehicles

സൂസൻ എൽദോസ് (IIT Madras Chennai)

സംഗ്രഹം

നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക് സുരക്ഷയും ട്രാഫിക് നിയത്രണവും മെച്ചപ്പെടുത്താൻ ശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ സങ്കേതിക മുന്നേറ്റമാണ് connected vehicles. ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിലവിൽ വന്നാൽ പൊതുസമൂഹത്തിൽ എന്ത് മാറ്റം വരും? നമുക്ക് ഒന്ന് അന്വേഷിക്കാം.

KERALA SCIENCE SLAM – CUSAT REGION – 17

നിങ്ങളുടെ ഭാവി കണ്ടുകൊണ്ട് നിങ്ങളുടെ കാഴ്ച സംരക്ഷിക്കുക: പ്രമേഹരോഗികളുടെ നേത്ര പരിചരണം

ലക്ഷ്മിപ്രിയ വിജയൻ (School of computer sciences, P.D.Hills, M G University, Kottayam)

സംഗ്രഹം

പ്രമേഹം നിങ്ങളുടെ കാഴ്ച കവർന്നെടുക്കാൻ അനുവദിക്കരുത് – പ്രമേഹ നേത്ര പരിചരണത്തിൻ്റെ പ്രാധാന്യം കണ്ടെത്തി നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കാൻ നടപടിയെടുക്കുക. നേരത്തേ കണ്ടുപിടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും ശോഭനവും ആരോഗ്യകരവുമായ ഭാവി ആസ്വദിക്കാനും കഴിയും.

KERALA SCIENCE SLAM – CUSAT REGION – 18

പായൽ: ഇത്തിരി കുഞ്ഞൻ ഒത്തിരി കേമൻ

ജയശ്രീ എസ്. (Maharaj’s College Ernakulam)

സംഗ്രഹം

എറണാകുളം ജില്ലയിലെ ഏലൂര്‍ പ്രദേശം ഏകദേശം 11.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വ്യവസായ മേഖലയായി മാറിയിട്ടുണ്ട്. 10°05′ ഉത്തര അക്ഷാംശവും 76°16′ കിഴക്ക് രേഖാംശവും വരെയുള്ള ഈ പ്രദേശം വ്യവസായ സ്രവം, ഭാരലോഹ മലിനീകരണം എന്നിവയുടെ കാരണമാവുന്ന പല പരിസ്ഥിതി വെല്ലുവിളികളെയും നേരിടുന്നു. വ്യവസായ പ്രാധാന്യമുള്ള ഈ പ്രദേശം പെരിയാർ നദിയുടെയും ആവാസവ്യവസ്ഥയ്ക്കും ആളുകളുടെയും ജീവപര്യന്തം പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ ജലസ്രോതസ്സും തന്നെയാണ്. എളൂര്‍ പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങളെ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും, പ്രധാനമായും നീല-പച്ച പായലിന്റെ ജീവാവശിഷ്ട പുനരുപയോഗ ശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പഠനം നടന്നു.

KERALA SCIENCE SLAM – CUSAT REGION – 19

കുറഞ്ഞ റെസല്യൂഷനുള്ള എംആർഐ സ്കാനുകളിൽ നിന്ന് ഉയർന്ന റെസല്യൂഷൻ ഇമേജുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ രീതി

ഫിദ ഫർഹ (Mahatma Gandhi University, Kottayam)

സംഗ്രഹം

ഉയർന്ന റെസല്യൂഷൻ എംആർഐ സ്കാനറുകൾ ചെലവേറിയതാണ്, അതിനാൽ പല ആശുപത്രികൾക്കും താങ്ങാനാവുന്നില്ല.കുറഞ്ഞ നിലവാരമുള്ള മെഷീനുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള എംആർഐ സ്കാനുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു സാങ്കേതികത ഞങ്ങൾ വികസിപ്പിക്കുന്നു. എം.ആർ.ഐ. വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, ഈ പുതിയ മോഡലിന് ആശുപത്രികളെയും ആളുകളെയും അവരുടെ മെച്ചപ്പെട്ട രോഗനിർണയത്തിന് തീർച്ചയായും സഹായിക്കാനാകും

KERALA SCIENCE SLAM – CUSAT REGION – 20

കൊച്ചി ഒരു ദ്വീപായി മാറുന്നോ ?

സജ്ന പീടിയകത്തൊടി (School of Environmental Studies Cochin University of Science and Technology)

സംഗ്രഹം

നാഗരികവളർച്ചയും ജനസാന്ദ്രതയും അംബരചുംബികളുടെ ഉയർച്ചയും കൊച്ചിയെ ഒരു നാഗരിക താപദ്വീപ് (Urban Heat Island) ആക്കി മാറ്റുന്നോ ? കടും ചൂടിലും കുറയുന്ന പച്ചപ്പിലും നഗരവാസത്തിന്റെ ഭാവി അപകടത്തിലോ? അതോ നഗരങ്ങൾക്കുള്ള പ്രകൃതിയുടെ മുന്നറിയിപ്പോ ?

KERALA SCIENCE SLAM – CUSAT REGION – 21

Prostate cancer protective role of Paeoniflorin

Riswina Nissar (Sacred Heart College (Autonomous), Thevara, Kochi,)

Summary

Prostate cancer is the second leading cause of death in males. One of the main cause of prostate cancer is androgen overproduction. There are different ways to combat prostate cancer but has number of side effects. Therefore this project focuses to identify the prostate cancer protective role of a natural compound named paeoniflorin using several computer softwares.

KERALA SCIENCE SLAM – CUSAT REGION – 22

ട്രൈബോ ഇലക്ട്രിക് സ്മാർട്ട് പരവതാനികൾ : ലാബിൽ നിന്നും വിപണിയിലേക്ക്!

വിജോയ് കെ.വി ( International school of Photonics & IUCND, Cochin University of Science and Technology)

സംഗ്രഹം

ഒരു മാജിക് കാർപ്പെറ്റ് ഉണ്ടെങ്കിൽ എങ്ങനെയിരിക്കുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?” നിങ്ങൾ നടക്കുമ്പോൾ തന്നെ കാർപ്പെറ്റുകൾ നിങ്ങളുടെ ചലനത്തിൽ നിന്ന് എനർജി സ്വരൂപിച്ച്, നിങ്ങൾ വീടിനു അകത്ത് കടക്കുമ്പോൾ ലൈറ്റും ഫാനും ഓണാക്കി നിങ്ങളെ സ്വാഗതം ചെയ്യാനും, പുറത്തുപോകുമ്പോൾ ഇവയെ സ്വയം ഓഫാക്കുകയും ചെയ്താലോ?. കൂടാതെ നിങ്ങളുടെ ചലനം നിരീക്ഷിച്ച്, നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ നൽകുകയും ചെയ്താലോ?. ഇത് അലാവുദ്ദീന്റെ മാജിക് കാർപ്പെറ്റ് അല്ല; ഇത് വാങിന്റെ ട്രൈബോഇലക്ട്രിക് നാനോജനറേറ്ററിന്റെ അത്ഭുതം സാദ്ധ്യമാക്കിയിരിക്കുന്നു. ഞങ്ങൾ കുറഞ്ഞ ചെലവുള്ള ഗ്രാഫൈറ്റും, ഫ്ലെക്സിബിൾ പോളിമർ പിഡിഎംഎസും ഉപയോഗിച്ച് കൂടുതൽ വൈദ്യുതി നിർമ്മിക്കുന്നതും കൂടുതൽ ഫ്ലെക്സിബിളുമായ ട്രൈബോഇലക്ട്രിക് പരവതാനികൾ നിർമ്മിച്ചിരിക്കുകയാണ്. ഞങ്ങൾ ലാബിൽ നിന്നുമുള്ള വിപണിയിലേ ക്കുള്ള യാത്രയിലാണ്. നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം കിട്ടാൻ ഒരുങ്ങൂ; നമ്മുടെ ഭാവി ലോകത്തെ അറിയാൻ, ഈ ശാസ്ത്ര കഥ കേൾക്കാൻ, സ്വാഗതം ചെയ്യുന്നു

KERALA SCIENCE SLAM – CUSAT REGION – 23

ചലിക്കുന്നതാണോ? സംശയം വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാം

മുബീന റാഫി (Inter University Centre for Nano materials and Devices Cochin University of Science and Technology)

സംഗ്രഹം

നമ്മുടെ ഓരോ നിത്യചര്യകളും അതോടനുബന്ധിച്ച ശാരീരിക ചലനങ്ങളും ( നടത്തം, ഓട്ടം, ചാട്ടം, സംസാരം , ശ്വാസോച്ഛാസം) വൈദ്യുതിയുടെ ഉറവിടമാക്കാനും അത് ശേഖരിച്ഛ് ആവശ്യാനുസരണം ഉപയോഗിക്കാനും ട്രൈബോഇലക്ട്രിക നാനോജെനെറേറ്ററുകൾ സഹായിക്കുന്നു. സെല്ലുലോസ് അസറ്റേറ്റ് അടിസ്ഥാനത്തിലുള്ള ഈ നാനോജെനെറേറ്ററുകൾ ജൈവസൗഹൃദവും ശരീരത്തിന് അനുകൂലവുമാണ്. അതിനാൽ ഇവ വസ്ത്രത്തിന്റെ ഭാഗമാക്കാനും ശാരീരിക ചലനങ്ങൾ വഴി വൈദ്യുതി സൃഷ്ടിക്കാനും സാധിക്കുന്നു.

KERALA SCIENCE SLAM – CUSAT REGION – 24

ഇനിയും ചുരുളഴിയാത്ത ധൂമകേതൂ…
അവിടെ സൂക്ഷ്മാണുക്കൾക്കൊരിടമുണ്ടോ?

തസ്കീന എ.എ. (Department of Physics Cochin University of Science and Technology Kochi)

സംഗ്രഹം

വാൽനക്ഷത്രങ്ങളിൽ ഐസിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. റേഡിയോആക്ടിവിറ്റി വഴി ഉത്പാദിപ്പിക്കപ്പെടുന്ന താപം ധൂമകേതുക്കളിലുണ്ടാക്കുന്ന താപനിലാവ്യതിയാനത്തെ പല ഘടകങ്ങളെ മുൻനിർത്തി പഠന വിധേയമാക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ജലം ദ്രാവകരൂപത്തിൽ നിലകൊള്ളാനുള്ള സാധ്യത പരിശോധിക്കുന്നു. പഠനഫലങ്ങളെ ആസ്ട്രോബയോളജിയുടെ വീക്ഷണകോണിലൂടെ വിലയിരുത്തുന്നു.

KERALA SCIENCE SLAM – CUSAT REGION – 25

വിഷാദരോഗവും സൂക്ഷ്മജീവികളും

ഋഷികേശ് (Centre for Neuroscience (CNS), Department of Biotechnology (DBT), Cochin University of Science and Technology)

സംഗ്രഹം

എങ്ങനെയാണ് ഇത്തിരിക്കുഞ്ഞന്മാരായ സൂക്ഷ്മജീവികൾ നമ്മുടെ മാനസിക അവസ്ഥകളെ നിയന്ത്രിക്കുന്നത് ? അവരുടെ കയ്യിലാണ് നമ്മുടെ മനസ്സിന്റെ താക്കോൽ എങ്കിൽ, അത് എങ്ങനെ തിരിച്ചു പിടിക്കാം ?… ഒരു പിടി ചോദ്യങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ ഉത്തരങ്ങളും.

Scroll to Top