നവംബർ 23 – കാലിക്കറ്റ് റീജിയണൽ സയൻസ് സ്ലാം അവതരണങ്ങൾ

EMS Seminar Complex – University of Calicut

നവംബർ 23 , ശനി

24

അവതരണങ്ങൾ

350

കേൾവിക്കാർ

09.30 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

CALICUT REGION

നവംബർ 23 കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് പ്രൊഫ. എം.എസ്. സ്വാമിനാഥൻ ചെയർ ഫോർ സയൻസ് പോപ്പുലറൈസേഷൻ & റിസർച്ച് – ന്റെ സഹകരണത്തോടെ നടക്കുന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തുന്ന ഗവേഷകരും അവതരണ വിഷയങ്ങളും

KERALA SCIENCE SLAM – calicut REGION – 1

ആനക്ക് മുറിവുണ്ടായാൽ ആരുണക്കും ? (who will heal wounds in elephants)

ഡോ.ഗിഗ്ഗിൻ ടി. (Communication Center, Kerala Agricultural University, Mannuthy)

സംഗ്രഹം

ആനപ്പെരുമയുടെ ആരവങ്ങൾക്കിടയിലും ആരും കേൾക്കാത്ത കഥകളേറെ പറയാനുണ്ട് കരയിലെ ഏറ്റവും വലിയ ജീവിക്ക്. ഒരു പ്രഹേളികയായി തുടരുന്ന ഉണങ്ങാത്ത മുറിവുകളെക്കുറിച്ചു മുപ്പത്തിമൂന്നു വർഷത്തെ ആനചികിത്സാഫലങ്ങളിൽ നിന്നും ഉരുത്തിരിച്ചെടുത്ത ആധികാരിക നിർദ്ദേശങ്ങൾ. നഗ്നനേത്രങ്ങൾക്കു ദൃഷ്ടിഗോചരമല്ലാത്ത പ്രകാശവീചികളുടെ ലോകം ആനകളിൽ കാണിച്ചു തന്ന കാണാവേദനകൾ. ആനകളിൽ മുറിവുണങ്ങുന്നതറിയാൻ അതിസൂക്ഷ്മജീവികളുടെ ജനിതകശേഷിപ്പുകളിലൂടെ നടത്തിയ അത്ഭുത സഞ്ചാരങ്ങളുടെ നേർക്കാഴ്ചകൾ. ഇന്ത്യയിലെ 11 ശതമാനത്തിലധികം ആനകളിൽ മൂന്നു വര്ഷത്തിലേറെയായി നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ. . “കൺകണ്ടതെല്ലാം പൊയ് .. ഇനി കാണപ്പോകിറത് താൻ നിജം”

KERALA SCIENCE SLAM – calicut REGION – 2

ജീനോമിന്റെ ചരുളഴിക്കുമ്പോൾ – 3D ഘടനയും ബുക്മാർക്കിങ് സംവിധാനവും

ഡോ. വൃന്ദ വേണു (Los Alamos National Laboratory, NM, USA)

സംഗ്രഹം

നമ്മുടെ ശരീരത്തിന്റെ നിർമാണത്തിനും പ്രവർത്തനത്തിനും ആവശ്യമായ എല്ലാ പ്രോട്ടീനുകളും ഉണ്ടാക്കാനുള്ള നിർദേശം അടങ്ങിയ ഒരു റെസിപ്പി ബുക്ക് ആണ് നമ്മുടെ ജീനോം. ഈ റെസിപ്പി ബുക്കിൽ നിന്നും ചില കൂട്ടം വിഭവങ്ങൾ ആണ് നമ്മുടെ ഓരോ അവയവത്തിനും ഓരോ സന്ദര്ഭങ്ങളിലും ഉണ്ടാക്കേണ്ടി വരിക. റെസിപ്പി ബുക്കിൽ പ്രധാന വിഭവങ്ങളുടെ പേജുകൾ എളുപ്പത്തിൽ എടുക്കാൻ പാകത്തിനു മാർക്ക് ചെയ്തു വച്ചിരിക്കുന്നതുപോലെ, സാഹചര്യത്തിനനുസരിച്ച് വായിച്ചെടുക്കാവുന്ന ഒരു പുസ്തകമായി നമ്മുടെ ജനിതകത്തെ നിലനിർത്തുന്നതിൽ അതിന്റെ 3D ഘടനയ്ക്കും അതിലെ ചില ബുക്മാർക്കിങ് സംവിധാനങ്ങൾക്കും സുപ്രധാനമായ പങ്കുണ്ട്. ഈ സംവിധാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് നമ്മുടെ ജനിതക ഘടനയെയും അതിന്റെ പ്രവർത്തനത്തെയും കൂടുതൽ മനസിലാക്കാനും പാകപ്പിഴകൾക്ക് പരിഹാരം കാണാനും നമ്മെ പ്രാപ്തരാക്കും.

KERALA SCIENCE SLAM – calicut REGION – 3

കേരളത്തിലെ വിഷകൂണുകളും കൂൺ വിഷ ബാധയും

ബിജീഷ് സി (KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram)

സംഗ്രഹം

കേരളത്തിൽ ഏകദേശം 40 ഓളം വിഷകൂണുകൾ ഉണ്ട്. ഇവയിൽ തന്നെ മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ള കൂണുകൾ വളരെ കുറവാണ്, മിക്കതും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർദ്ദി വയറിളക്കം തുടങ്ങിവയ്ക്കും കാരണമാകുന്നു. വിഷകൂണുകളിൽ നിന്നും ഭക്ഷ്യയോഗ്യമായവയെ തിരിച്ചറിയാൻ എളുപ്പവഴികൾ ഒന്നും തന്നെ ഇല്ല, എന്നാൽ ശാസ്ത്രീയമായ വർഗ്ഗീകരണ രീതികളിലൂടെ ഇത് സാധ്യമാകും. വിഷ കൂണുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം

KERALA SCIENCE SLAM – calicut REGION – 4

നാനോഎനർജി വളരെ സിമ്പിളാണ്… പവർഫുളും ആണ്!

വരുൺ എസ്.(Department of Chemical Engineering National Institute of Technology Calicut)

സംഗ്രഹം

കുഞ്ഞൻ ശാസ്ത്രം എന്ന ഓമന പേരിൽ അറിയപ്പെടുന്ന നാനോടെക്നോളജി ശാസ്ത്രസാങ്കേതികവിദ്യകളുടെ അതിർവരമ്പുകളെ പോലും പിന്നിലാക്കിക്കൊണ്ട് അതിവേഗം മുന്നേറുകയാണ്. നാം ഓരോരുത്തരുടെയും കയ്യിലുള്ള മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് മുതൽ വൈദ്യശാസ്ത്രരംഗത്തുവരെ ഇന്ന് നാനോടെക്നോളജിയുടെ കരങ്ങൾ കാണാം. നമ്മുടെ ചുറ്റിലുമുള്ള പലവിധ ചലനങ്ങൾ, നമ്മൾ നടക്കുന്നത്, വിവിധ ശരീര ചലനങ്ങൾ എന്ന് വേണ്ട ഓരോ ഹൃദയമിടിപ്പിനെ പോലും നാനോജനറേറ്റർ എന്ന കുഞ്ഞൻ യന്ത്രത്തിന്റെ സഹായത്തോടെ വൈദ്യുതോർജ്ജം ആക്കി മാറ്റാൻ സാധിക്കുന്നു. ഈ നാനോജനറേറ്ററുകൾ നമുക്ക് ചുറ്റിലും കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുമുള്ള പോളിഎത്തിലിൻ മുതലായ പോളിമറുകൾ, ഹോസ്പിറ്റലിൽ നിന്നുമുള്ള മാസ്ക്കുകൾ, ഗ്ലൗസുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്നതതാണ്. പാരിസ്ഥിതിക സൗഹാർദ്ദപരമായ ഊർജ്ജസ്രോതസ്സുകൾ നിർമ്മിക്കുന്നതിലൂടെ മാലിന്യനിർമാർജനത്തോടൊപ്പം ഊർജനിർമാണവും സാധ്യമാകുന്നു. ഇതുവഴി പരിസ്ഥിതി സൗഹ്രദപരമായ ഉർജ്ജസ്രോതസ്റ്റിന്റെ ബദലുകൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം.

KERALA SCIENCE SLAM – calicut REGION – 5

കുറച്ചു കുത്തുകളും വരകളും അവർക്കിടയിലൊരു സമ്പൂർണ ആധിപത്യവും

ലിജോ എം. ജോസ് (Indian Institute of Technology Palakkad Palakkad)

സംഗ്രഹം

2018-ൽ ഗോദാർഡും ഹെന്നിംഗും, രണ്ട് പ്രശസ്ത ഗണിതശാസ്ത്രജ്ഞർ ജേണൽ ഓഫ് ഗ്രാഫ് തിയറിയിൽ രസകരമായ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. എല്ലാ ‘Planar Triangulation’കളിലും രണ്ട് ‘Disjoint Total Dominating Set’ ഉണ്ടോ എന്ന്. പലരും ഇത് ശരിയാണോ എന്ന് തെളിയിക്കാൻ ശ്രെമിച്ചു . ഒടുവിൽ 2023ൽ പാലക്കാട് ഐഐടിയിലെ ഞങ്ങളുടെ സംഘം ഈ ഊഹം ശരിയാണെന്ന് തെളിയിച്ചു. 2024-ൽ ഇതേ ജേണലിൽ ഞങ്ങളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഈ ചോദ്യത്തിൻ്റെ അർത്ഥമെന്താണെന്നും ഞങ്ങൾ അത് എങ്ങനെ തെളിയിച്ചുവെന്നും ലളിതമായി ഞാൻ സംസാരിക്കാൻ ശ്രെമിക്കാം.

KERALA SCIENCE SLAM – calicut REGION – 6

കല്ലുകളും വെള്ളവും തമ്മിൽ കിസ്സ പറയുമ്പോൾ…

ഡോ. തനൂജ പി.വി. (Centre for Water Resources Development and Management (CWRDM) Kunnamangalam, Kozhikode)

സംഗ്രഹം

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ശുദ്ധജല സ്രോതസ്സാണ് ഭൂഗർഭജലം, അതുകൊണ്ട് തന്നെ അതിൻ്റെ സംരക്ഷണം ഒരു പ്രധാന ആവശ്യമായി മാറുകയാണ്. ജലത്തിൻ്റെ കെമിസ്ട്രി നിയന്ത്രിക്കുന്നതിൽ തടത്തിൻ്റെ ഭൂമിശാസ്ത്രത്തിനും, ആതിഥേയ പാറകളുടെ പെട്രോഗ്രാഫിക് സ്വഭാവത്തിനും ഒരു പ്രധാന പങ്കുണ്ട്. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കരിങ്കല്ല്, ഗ്നെയ്‌സ്,ലാറ്ററൈറ്റ് തുടങ്ങിയ പാറകൾ നല്ല ജലസ്രോതസ്സുകളാണ്, എന്നിരുന്നാലും, അവയുടെ അമിതമായ ഖനനം ജലസംഭരണി വ്യവസ്ഥയെ നശിപ്പിക്കുന്നു. അതിനാൽ, വിവിധതരം പാറകൾക്കൊപ്പം ജലരസതന്ത്രം എങ്ങനെ മാറുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ് എൻ്റെ പഠനം. ഭൂഗർഭജല-ഗുണനിലവാരം നിർവചിക്കാനും, പാലക്കാട് ജില്ലയിലെ വിവിധ ജിയോകെമിക്കൽ പ്രക്രിയകൾ രേഖപ്പെടുത്താനും എന്റെ പഠനം സഹായിക്കും എന്നു വിശ്വസിക്കുന്നു.

KERALA SCIENCE SLAM – calicut REGION – 7

ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ?

സ്നേഹ ദാസ് (Amala Cancer Research Centre Society Amala Nagar, Thrissur)

സംഗ്രഹം

ക്യാൻസർ രോഗികളുടെ ഹൃദയയാരോഗ്യത്തിന് കൂണുകൾ എങ്ങനെ ഫലപ്രദമാകും എന്നുള്ളതാണ് എന്റെ ഗവേഷണ വിഷയം . കീമോതെറാപ്പി നടത്തി വരുന്ന ക്യാൻസർ രോഗികളിൽ ഹൃദ്യാഘാതവും മറ്റു ഹൃദയ സംബന്ധ രോഗങ്ങളും സ്ഥിരം വിരുന്നുകാരാണ് . കുറുന്തോട്ടിക്ക് തന്നെ വാതം പിടിച്ചാൽ എന്തുചെയ്യാനാലേ? ഇവയിൽ നിന്നും മോചനം ലഭിക്കാൻ ആയി കീമോതെറാപ്പി ഒഴിവാക്കുക എന്നത് സംഭവ്യമല്ല. ആയതിനാൽ ഈ ആഗാതങ്ങളെ ചെറുത്ത് നിൽക്കുവാനുള്ള മറുമരുന്ന് കണ്ടുപിടിക്കുകയാണ് ഏക മാർഗ്ഗം. അങ്ങനെ ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളെ ആസ്പദമാക്കി ഹിമാലയ ചൈന ഭാഗങ്ങളിലായി മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെ കുറിച്ചാണ് എന്റെ അവതരണം.

KERALA SCIENCE SLAM – calicut REGION – 8

വ്യാജ വാർത്തകൾ കണ്ടെത്താനുതകുന്ന നിർമ്മിത ബുദ്ധി മാതൃകകൾ .

ഹൃദ്യ ഇ (DEPARTMENT OF COMPUTER SCIENCE , UNIVERSITY OF CALICUT,)

സംഗ്രഹം


ഇന്ന് സാധാരണ ജനങ്ങളെ ഏറ്റവും കൂടുതൽ ആശയ കുഴപ്പത്തിലാകുന്ന ഒരു പ്രശ്നമാണ് നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ. ഇതിൽ തെരഞ്ഞെടുപ്പ് കാലത്തു പ്രചരിക്കുന്ന വ്യാജ വാർത്തകളും മഹാമാരിക്കാലങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും യഥാക്രമം നമ്മുടെ ജനാധിപത്യ പ്രക്രിയക്കും ജീവനുതന്നെയും ഭീഷണിയായിക്കൊണ്ടിരിക്കയാണ്. ഇത്തരം വാർത്തകളുടെ ഉള്ളടക്കങ്ങളെ (വാക്യങ്ങൾ, ചിത്രങ്ങൾ, സംസാരം എന്നിവയുൾപ്പെടെ) നിർമ്മിത ബുദ്ധി അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്തു അത് വ്യാജവാർത്തയാണോ അല്ലയോ എന്ന് തീർപ്പുകൽപ്പിക്കുന്ന അത്യന്തം നൂതനമായ ഒരു ഗവേഷണത്തിൻ്റെ വിശദാംശങ്ങളാണ് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഇതിനുപയോഗിക്കുന്ന സങ്കീർണ്ണമായ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകൾ ഇക്കാലത്തു വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഇവയിൽ നമുക്കെല്ലാവർക്കും സുപരിചിതമായ വലിയ ഭാഷാ മാതൃകകൾ മുൻനിർത്തി പ്രവർത്തിക്കുന്ന ചാറ്റ് ജി. പി. ടി വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യാനും അതിലുപരി പുനരുൽപ്പാദിപ്പിക്കാനും കഴിവുള്ളവയാണ്. മനുഷ്യ ഭാഷകൾ വിദഗ്ദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം നിർമിതബുദ്ധി മാതൃകകളെ നവമാധ്യമങ്ങളിലെ വ്യാജവാർത്തകൾ കണ്ടെത്താൻ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയും എന്നതാണ് ഈ ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നത്.

KERALA SCIENCE SLAM – calicut REGION – 9

ഫ്ലൂറസെന്റ് കാർബൺ നാനോമാറ്റീരിയലുകൾ: ബയോഇമേജിംഗിന്

രോഹിണി പുളിയശ്ശേരി (National Institute of Technology, Tiruchirappalli Tamil Nadu)

സംഗ്രഹം

നമുക്കറിയാം കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി കാർബൺ അടങ്ങിയിട്ടുള്ള നാനോ മെറ്റീരിയലുകൾ ഗവേഷണ അടിസ്ഥാനത്തിൽ വളരെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്.ഉദാഹരണത്തിന്, നെൽ പതിര്, ചിരട്ടക്കരി തുടങ്ങി, വ്യവസായതലത്തിൽ തയ്യാറാക്കുന്ന ഗ്രാഫീൻ, കാർബൺ നാനോ ട്യൂബുകൾ തുടങ്ങിയവയും ഇവയുടെ വകഭേദങ്ങളും ഗവേഷണത്തിന് ഉപയോഗിച്ച് വരുന്നു. ഇത്തരം കാർബൺ അടങ്ങിയ വസ്തുക്കൾ ഉർജ്ജമേറിയ ലേസർ നു വിധേയമാക്കി, അതിന്റെ വിലിപ്പ് നാനോ മീറ്റർ അളവിലേക്ക് കൊണ്ടുവരുന്നു.ഇങ്ങനെയുള്ള നാനോമാറ്റീരിയല്സ്‌ നിന്റെ രൂപത്തിലും ഘടനയിലും വ്യത്യാസം വരികയും, അതിനു സവിശേഷമായ ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു . ലഭിക്കുന്ന പ്രത്യേകതകൾ അനുസരിച്ച് ഈ വസ്തുക്കളെ വിവിധ ഉപയോഗങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നു.കാൻസർ സെല്ലുകളുടെ ഘടനയും പ്രവർത്തനവും പഠിക്കുന്നതിന്, ഈ തരം വസ്തുക്കളെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് എന്റെ ഗവേഷണ മേഖല.

KERALA SCIENCE SLAM – calicut REGION – 10

അന്തരീക്ഷ ജലശേഖരണ മാർഗ്ഗത്തിൽ ഗ്രഫീന്റെ സാധ്യതകൾ

അഞ്ജലി(Materials Engineering Lab Department of Chemistry University of Calicut)

സംഗ്രഹം

ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ശുദ്ധജലക്ഷാമം. കടൽ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് വളരെ വിഷമകരമായ പ്രവർത്തി ആണ്. എന്നാൽ ഗ്രഫീൻ പോലുള്ള അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇവ പൊതുവേ ചിലവുകുറഞ്ഞതും എളുപ്പത്തിൽ ചെയ്യാവുന്നതും ആണ്

KERALA SCIENCE SLAM – calicut REGION – 11

വെർജിൻ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾക്ക് ഒരു നൂതനവ്യാഖ്യാനം

നിവ്യ ഇ.എം. (Department of Community Science College of Agriculture Kerala Agricultural University Vellanikkara)

സംഗ്രഹം

പരമ്പരാഗതവും നൂതനവുമായ വിവിധ രീതികളിൽ വേർതിരിച്ചെടുക്കുന്ന വെർജിൻ വെളിച്ചെണ്ണയുടെ ഭൗതികരാസഗുണങ്ങളും ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങളും വിലയിരുത്തുന്നതായിരുന്നു ഗവേഷണത്തിന്റെ പ്രധാനലക്ഷ്യം. വെർജിൻവെളിച്ചെണ്ണയുടെ ഗുണനിലവാരം നാളികേരത്തിന്റെ ഇനം, ഹൈബ്രിഡ്, വേർതിരിച്ചെടുക്കുന്ന രീതികൾ തുടങ്ങി വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

KERALA SCIENCE SLAM – calicut REGION- 12

തെർമോഇലക്ട്രിസിറ്റി: ആഗോള താപനത്തെ നേരിടാൻ ഒരു പുതുവഴി

ജംഷീന സനം പി.കെ (Department of physics University of Calicut)

സംഗ്രഹം

ഊർജത്തിന് വേണ്ടിയുള്ള മനുഷ്യൻ്റെ പ്രയാണത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ആദിമ മനുഷ്യൻ്റെ ജീവിതഗതിയെ മാറ്റിയ അഗ്നി മുതൽ വിപ്ലവ കണ്ടുപിടുത്തമായ വൈദ്യുതി വരെ മികച്ച ജീവിത സാഹചര്യത്തിനു വേണ്ടിയുള്ള മനുഷ്യൻ്റെ അടക്കാനാവാത്ത ആഗ്രഹങ്ങൾക്ക് വേണ്ടിയുള്ള സഞ്ചാരത്തിന് നേർ തെളിവാണ്. പക്ഷെ അതിനു വേണ്ടി അവൻ നടത്തിയ പരിധിക്കപ്പുറത്തുള്ള പ്രകൃതി ചൂഷണത്തിൻ്റെ അനന്തരഫലമാണ് ആഗോള താപനം അഥവാ ഗ്ലോബൽ വാമിംഗ് . അത് ഭൂമിയിലുള്ള മനുഷ്യൻ്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു. വൈദ്യുതി ഉത്പാദനത്തിനു വേണ്ടിയുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളാണ് സ്ഥിതി ഇത്ര രൂക്ഷമാക്കിയത്. വൈദ്യുതി ആക്കാനാവാത്ത അധിക ഊർജം ഇവിടെ താപമായി പുറന്തള്ളപ്പെടുന്നു. തെർമോ ഇലക്ട്രിക് പദാർത്ഥങ്ങളുടെ പ്രസക്തി ഇവിടെയാണ്. അത് പാഴായിപ്പോവുന്ന ഇത്തരത്തിലുള്ള താപോർജത്തെ വൈദ്യുതി ആക്കി മാറ്റുന്നു. കോപ്പർ ക്രോമിയം ഓക് സൈഡ് എന്ന തെർമോ ഇലക്ട്രിക് പദാർത്ഥത്തിൽ വ്യത്യസ്ഥമായ കാറ്റയോണുകൾ ചേർക്കുമ്പോൾ അതിനു സംഭവിക്കുന്ന തെർമോ ഇലക്ട്രിക് ക്ഷമത വ്യത്യാസമാണ് അവതരത്തിൻ്റെ മൂല വിഷയം.

KERALA SCIENCE SLAM – calicut REGION – 13

മുരിങ്ങ : നാട്ടറിവ് സത്യമോ മിഥ്യയോ ?

ആതിര കെ.എ. (Department of Community Science College of Agriculture Kerala Agricultural University Vellanikkara)

സംഗ്രഹം

നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന മുരിങ്ങക്ക് ഒട്ടനവധി പ്രാധാന്യങ്ങൾ ഉണ്ട്. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും (ഇല, പൂവ്, കായ്, തൊലി) പോഷകസമ്പന്നവും കൂടാതെ നല്ലൊരു രുചിക്കൂട്ടുമാണ്. പണ്ട് കാലത്ത് നമ്മുടെ പൂർവികർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നായിരുന്നു മുരിങ്ങ. എന്നാൽ കർക്കിടക മാസത്തിൽ നമ്മളാരും തന്നെ ഇത് കഴിക്കാറില്ല. കയ്പ് ഉള്ളതുകൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ നമ്മൾ മുരിങ്ങയെ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ ഒഴിവാക്കുന്നു. ഈ ഒരു ധാരണ സത്യമാണോ എന്ന് നമ്മൾ ഓരോരുത്തരെയും അലട്ടുന്ന ഒരു ചോദ്യം ആണ്. നമ്മുടെ പൂർവികർ കൊണ്ടു നടക്കുന്ന ഈ രീതിയിൽ എന്തെങ്കിലും വാസ്തവമോ, ശാസ്ത്രീയ വശമോ ഉണ്ടോ എന്നും അറിഞ്ഞിരിക്കേണ്ടതായുണ്ട്.

KERALA SCIENCE SLAM – calicut REGION – 14

ശബ്ദ വീചികളും മൈക്രോ കുമിളകളും : മലിന ജല ശുദ്ധീകരണത്തിലെ നവസാധ്യതകൾ!

ശ്രാവൺദാസ് പി. (Department of Physics University of Calicut)

സംഗ്രഹം

Sonocatalysis, അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് രാസപ്രക്രിയകൾക്ക് ഉത്തേജനം നൽകുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് പ്രത്യേകിച്ചും പരിസ്ഥിതി ശുദ്ധീകരണത്തിന്, പ്രത്യേകിച്ച് മാലിന്യജലത്തിന്റെ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു. അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ (20 kHz- മുതൽ 1 MHz വരെയുള്ള ആവൃത്തി), ദ്രാവകത്തിൽ വ്യാപിക്കുന്നപ്പോൾ, അതിൽ നിന്ന് മൈക്രോ കുമിളകൾ രൂപപ്പെടുകയും അവ വളരുകയും അച്യുതസ്ഥാനം വന്നു പൊട്ടുകയും ചെയ്യുന്നു. ഈ പൊട്ടിത്തെറിയിലൂടെയുണ്ടാകുന്ന വലിയ തപനില (5000 K) മർദ്ദം (1000 bar) എന്നീ മൂല്യങ്ങൾ രാസപ്രവർത്തനങ്ങളുടെ വേഗത കൂട്ടുന്നു. സോണോകാറ്റാലിസിസിൽ ഉൽപ്രേരകങ്ങൾ ഉപയോഗിക്കുന്നു, അതിന്റെ പ്രധാന കാരണം ഈ മൈക്രോ കുമിളകളുടെ പൊട്ടിത്തെറിയിൽ നിന്ന് ഉണ്ടാകുന്ന റാഡിക്കലുകളുടെ ഉൽപ്പാതനം ത്വരിതപ്പെടുത്താൻ വേണ്ടിയാണ്. ഈ റാഡിക്കലുകൾ വളരെ പ്രതികാരക്ഷമമാണ്‌ , മാലിന്യങ്ങളെ ഒക്സിഡൈസ് ചെയ്യാനും ശുദ്ധീകരണം നടത്താനും അവക്ക് കഴിയുന്നു തന്മൂലം മലിനജന ശുദ്ധീകരണം സാധ്യമാക്കുന്നു.

KERALA SCIENCE SLAM – calicut REGION – 15

കിണറുകളുടെ സുസ്ഥിര പരിപാലനം – നാം അറിഞ്ഞിരിക്കേണ്ട ഹൈഡ്രോളിക്സ്’

അബ്ദുൽ ഹമീദ് ഇ (Parul institute of engineering&technology Parul University, Limda, Vadodara, Gujarath)

സംഗ്രഹം

കിണറുകളിലെ ജലം സുലഭവും സുരക്ഷിതവുമാക്കാൻ അവശ്യം അറിഞ്ഞിരിക്കേണ്ട ഭൂജല ഗതി- ശക്തി ശാസ്ത്രം (Hydraulics) ലളിതമായി അവതരിപ്പിക്കുന്നു. കാലാവസ്ഥാപരമായ ഘടകങ്ങൾ കണക്കിലെടുത്ത് ഭുജലവിതാനം സ്ഥായിയായി നിലനിർത്താൻ അനുവർത്തിക്കേണ്ട രീതികൾ പരിചയപ്പെടുത്തുന്നു. കടുത്ത വേനലിലും വറ്റാത്ത കിണറുകൾ, എത്ര മഴ പെയ്തിട്ടും നിറയാത്ത കിണറുകൾ – ഈ പ്രതിഭാസത്തിന്റെ ജലശാസ്‌ത്രം വിശകലനം ചെയ്യുന്നതോടൊപ്പം ജലഗുണനിലവാരം, കിണറുകളുടെആധിക്ക്യം, ബോധവൽക്കരണത്തിന്റെ അനിവാര്യത എന്നിവ ചർച്ചക്ക് വിധേയമാക്കുന്നു.

KERALA SCIENCE SLAM – calicut REGION – 16

ഹരിത ഹൈഡ്രജൻ: ശുദ്ധ ഊർജ്ജത്തിന്റെ പുത്തൻ വഴികൾ

ഹരിത എ.പി. (Solar & Electrochemical Energy Lab Department of Chemistry University of Calicut)

സംഗ്രഹം

ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന ഈ കാലത്ത് ശുദ്ധവും, സുസ്ഥിരവുമായ ഊർജ്ജ സ്രോതസ്സുകൾ അനിവാര്യമാണ്. സൂര്യ പ്രകാശം നേരിട്ട് ഉപയോഗിച്ചു ജലത്തിൽ നിന്നുള്ള ഹരിത ഹൈഡ്രജൻ ഉല്പാദനവും അതിന്റെ സുരക്ഷിതമായ ഉപയോഗവും സാധ്യമാക്കുക എന്നതാണ് ഇതിനുള്ള ഒരു പ്രായോഗിക മാർഗ്ഗം. അതിനൂതന ഉത്പ്രേരകങ്ങളും തന്മാത്രകളും ഉപയോഗപ്പെടുത്തി ഹരിത ഹൈഡ്രജ൯ നിർമ്മിക്കുന്നത് നല്ലൊരു നാളേക്കുവേണ്ടിയുള്ള ഇന്നിന്റെ കരുതലായി കണക്കാക്കാം.

KERALA SCIENCE SLAM – calicut REGION – 17

പഠനം സ്മാർട്ടാക്കാൻ വരുന്നു AI Tutor

ഷബാന കെ.എം. (Indian Institute of Technology Palakkad)

സംഗ്രഹം

നമ്മുടെ പരമ്പരാഗത ക്ലാസ്റൂം വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പോരായ്മ പല തരത്തിലുള്ള കഴിവും അറിവും അഭിരുചിയുമുള്ള ഒരുകൂട്ടം വിദ്യാർത്ഥികൾക്ക്ഒരേ പാഠങ്ങൾ ഒരേ രീതിയിൽ പഠിപ്പിച്ചുകൊടുക്കുന്നു എന്നതാണ്. ഈ പ്രശ്നത്തിന് ഒരു പ്രതിവിധി വിദ്യാഭ്യാസത്തെ വ്യക്തിഗതമാക്കുക (Personalise) എന്നുള്ളതാണ്. അതായത് ഓരോ വിദ്യാർത്ഥിയുടേയും പഠനാവശ്യത്തിന് അനുസൃതമായി പാഠങ്ങൾ നൽകുക. നിർമ്മിതബുദ്ധി അഥവാ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിൽ വയക്തിഗത പാഠങ്ങൾ നൽകുന്ന ഒരു സ്മാർട്ട് Tutor നെ എങ്ങനെ നിർമ്മിക്കാം എന്നതാണ് എന്റെ അവതരണ വിഷയം

KERALA SCIENCE SLAM – calicut REGION – 18

സംഗതി ചൂടാണ്, കളറാണ്: ഫൂഡികളെ ഇതിലെ…!!

രാജേഷ് യു.പി. (PSG Institute of Advanced Studies, Peelamedu, Coimbatore)

സംഗ്രഹം

ലോകമെമ്പാടുമുള്ള പ്രധാന ആശങ്ക ഭക്ഷണത്തിൻ്റെ ഗുണനിലവാരമാണ്. ഇന്ന് ഭക്ഷണം കേടാകുമ്പോൾ അതാത് ഭക്ഷ്യ സ്രോതസ്സുകളിൽ നിന്ന് ധാരാളം അസ്ഥിര വാതകങ്ങളും കുമിൾനാശിനികളും റിപ്പോർട്ട് ചെയ്യപ്പെടുന്നു, സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില വാതകങ്ങൾ കാർബൺ ഡൈ ഓക്സൈഡ് (പാലുൽപ്പന്നങ്ങൾ), അമോണിയ (മത്സ്യവും മാംസവും), എഥിലീൻ (പഴങ്ങൾ) മുതലായവയാണ്. അതിനാൽ, ഭക്ഷണത്തിലെ രാസവസ്തുക്കൾ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമുള്ള കൃത്യമായ വിശകലന രീതികളുടെ വികസനം വളരെയധികം ആവശ്യപ്പെടുന്നു, ഈ സാഹചര്യത്തിൽ മെച്ചപ്പെടുത്തിയ Raman Spectroscopy ഭക്ഷ്യ മലിനീകരണത്തിൻ്റെ വേഗമേറിയതും സെൻസിറ്റീവും ഉയർന്ന ത്രൂപുട്ട് വാഗ്ദാനം ചെയ്യുന്നു. ഭക്ഷ്യ ഗുണനിലവാര നിരീക്ഷണ ആപ്ലിക്കേഷനുകൾക്കായി ജൈവ-അനുയോജ്യമായ ഫ്ലെക്സിബിൾ SERS സബ്‌സ്‌ട്രേറ്റിൻ്റെ വികസനം ഈ ഗവേഷണം ലക്ഷ്യമിടുന്നു. സിൽവർ നാനോപാർട്ടിക്കിളുകൾ ഉൾച്ചേർത്ത സെല്ലുലോസ് ഹൈഡ്രോജലിൻ്റെ സംശ്ലേഷണവും സ്വഭാവരൂപീകരണവും ഭക്ഷണത്തിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള SERS സെൻസിംഗും സംബന്ധിച്ചാണ് അവതരണം. ഭക്ഷ്യ ഗുണനിലവാര നിരീക്ഷണത്തിൽ തത്സമയ ആപ്ലിക്കേഷനുകൾക്കായി കുറഞ്ഞ ചെലവും ഉയർന്ന പ്രകടനവുമുള്ള SERS സബ്‌സ്‌ട്രേറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള പുതിയ തന്ത്രങ്ങളിലേക്ക് ഈ ഗവേഷണം വഴിയൊരുക്കും.

KERALA SCIENCE SLAM – calicut REGION – 19

സമുദ്രമലിനീകരണവും ജീവികളിലെ ജനിതക മാറ്റങ്ങളും

ദിവ്യ കെ.ആർ (Department of Chemical Oceanography, Cochin University science and Technology)

)

സംഗ്രഹം

സമുദ്രജലവും സമുദ്രാന്തരഭാഗവും നമ്മുടെ മാറി വരുന്ന കാലാവസ്ഥക്കനുസൃതമായി കരയിലെ ജീവ-അജൈവ വസ്തുക്കളുടെ സംഭരണ, സംസ്കരണ കലവറയാണ്. നമ്മുടെ സമുദ്രത്തിലെ ന്യൂന മർദ്ദങ്ങളും, വേലിയേറ്റവും,വേലിയിറക്കങ്ങളും, കൊടുംകാറ്റുകളും കരയിലെ ലായകങ്ങളെ സമുദ്ര ജലത്തിലേക്കും, അടിത്തട്ടിലേക്കു० അടിയുന്നതിനും (precipitation) തിരിച്ചു ലയിപ്പിക്കുന്നതിനും സഹായിക്കും. കൊച്ചിക്കായലിലെ ജലത്തിലും, ചളിയിലും, കക്കകളിലും നടത്തിയ പഠനം.

KERALA SCIENCE SLAM – calicut REGION – 20

വളം നൽകാം ഇലകളിലൂടെ….

Bashma E K (College of Agriculture, Vellanikkara, Thrissur)

സംഗ്രഹം

മണ്ണിൽ രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിനെ നിർജീവമാക്കുന്നു. വേരുകളിലൂടെ മാത്രമല്ല ഇലകളിലൂടെയും പല മൂലകങ്ങളും ചെടികൾക്കു വലിച്ചെടുക്കാം.മണ്ണിലൂടെയുള്ള വളപ്രയോഗത്തെ പിന്താങ്ങുന്ന ഒരു പരിപാലനമുറയാണ് ഇത്.

KERALA SCIENCE SLAM – calicut REGION – 21

പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും

ഡോ. ദീപ വി. (School of Artificial Intelligence and Robotics M G University Kottayam)

സംഗ്രഹം

നമ്മുടെ നാട്ടിൽ ഒരുപാടു പേരുടെ മുന്നിൽ ഒരു ചോദ്യമായി നിൽക്കുന്ന ആരോഗ്യ പ്രശ്നമാണ് പ്രമേഹം . അത് പിന്നീട് കണ്ണുകളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കടന്നു അതിലും വലിയൊരു പ്രശ്നത്തിലേക്ക് പോകുന്നതും പതിവായി കാണാറുണ്ട്. പുതിയ സാങ്കേതിക വിദ്യ കൊണ്ട് അതിനെ എങ്ങനെ നേരത്തെ കണ്ടെത്താം സുഖപ്പെടുത്താം എന്നൊക്കെ നമുക്ക് ഒരു അന്ന്വേഷണം ആയാലോ ?. അതിലെ തെറ്റും ശരിയും എന്തൊക്കെ ?

KERALA SCIENCE SLAM – calicut REGION – 22

ജെല്ലിന്റെ മായാലോകം

Celin Rooth (Department of Chemistry, IIT Madras)

സംഗ്രഹം

ഖരത്തിനും ദ്രാവകത്തിനും ഇടയിൽ ഉള്ള അവസ്ഥയാണ് ജെൽ. നമ്മുടെ ആരോഗ്യ മേഖലയ്ക്കും പരിസ്ഥിതിക്കും ഉപകാര പ്രദമായ വൈവിധ്യമാർന്ന ജെല്ലുകൾ ഉപയോഗത്തിലുണ്ട്. അത്തരത്തിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ cyanide സംയുക്തങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ജെൽ നമുക്ക് പരിചയപ്പെടാം.

KERALA SCIENCE SLAM – calicut REGION – 23

ഡീപ്പ് യൂറ്റക്ടിക് ലവണങ്ങളിൽ നിന്ന് ലോഹം നേടിയെടുക്കൽ

Sankari N S (Indian Institute of Technology Madras, Chennai)

സംഗ്രഹം

ഡീപ്പ് യൂറ്റക്ടിക് ലവണങ്ങളിൽ നിന്നുള്ള ലോഹങ്ങൾ നേടുക എന്നത് രസതന്ത്രപരമായ ഒരു നവീന സാങ്കേതികവിദ്യയാണ്. ഡീപ്പ് യൂറ്റക്ടിക് ലവണങ്ങൾ (Deep Eutectic Solvents, DES) പരിസ്ഥിതി സൗഹൃദമുള്ള ലായകങ്ങളായി കണക്കാക്കപ്പെടുന്നു, കാരണം ഇവ ക്ഷയിക്കാത്തവയും പുനരുപയോഗയോഗ്യവുമാണ്. പാരമ്പര്യ സോള്വൻറുകൾക്കും (അമ്ലങ്ങൾ)ക്കും പകരം, DES-കൾ കുറഞ്ഞ ഊർജ്ജ ചെലവിൽ ലോഹങ്ങളുടെ തിരഞ്ഞെടുത്ത പുനരുപയോഗം സാധ്യമാക്കുന്നു. DES ഉപയോഗിച്ച് ലോഹങ്ങൾ ഫലപ്രദമായി വേർതിരിച്ച് പുനരുപയോഗിക്കുക സംരക്ഷണപരമായ മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി സുതാര്യമായ രീതിയിൽ ലോഹ സംസ്‌കരണത്തിനും മെറ്റൽ റീസൈക്ലിംഗിനും സഹായകരമാണ്.

KERALA SCIENCE SLAM – CALiCUT REGION -24

കാലാവസ്ഥാ വ്യതിയാനത്തിലും ഉരുൾപൊട്ടലുകളിലും നട്ടംതിരിയുന്ന കേരളം

അച്ചു എ.എൽ (Dept. of Climate Variability & Aquatic Ecosystems Kerala University of Fisheries and Ocean Studies (KUFOS))

സംഗ്രഹം

കാലാവസ്ഥ വ്യതിയാനവും അതിനോട് അനുബന്ധിച്ചു ഉരുള്പൊട്ടലികളും നമ്മുക് ഇപ്പൊ പുതുമ അല്ലാണ്ട് അയിരിക്കുന്നു അല്ലെ ! 2018 ലെ പ്രളയത്തിൽ തുടങ്ങി ഇങ്ങു വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ വരെ എത്ര ജീവനാണ് കേരളത്തിൽ ഉരുൾപൊട്ടൽ എടുത്തത് ! നിങ്ങൾക് അറിയോ കേരളത്തിലെ ഏതൊക്കെ പ്രദേശങ്ങൾ ആണ് അതി ത്രീവ്ര ഉരുൾപൊട്ടൽ സാധ്യതാ മേൽശാലകൾ എന്നു ? നിങ്ങൾ ജീവിക്കുന്നെ ഒരു ഉരുൾപൊട്ടൽ മേഖലയിൽ ആണോ? കേരളത്തിലെ ഉരുൾപൊട്ടൽ മേഖലകൾ മുൻപ് ഉള്ളതിനെക്കാലും കൂടിയിട്ടുണ്ടോ? നിർമിതബുദ്ധി ഉപയോഗിച്ച് നമ്മുക് ഉരുൾപൊട്ടലിനെ മുൻകൂട്ടി പ്രവചിക്കാനൊക്കുമോ? ഇതിനെക്കുറിച്ചാണ് എന്റെ അവതരണം

Scroll to Top