സംഗ്രഹം
ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾ
കാന്തികതയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ആകർഷണവും വികർഷണവുമായിരിക്കും. എന്നാൽ ഈ ഒരു സ്വഭാവസവിശേഷത ഇല്ലാത്ത തരം മാഗ്നെറ്റുകളും ഉണ്ട്. ആന്റിഫെറോമാഗ്നറ്റുകൾ അത്തരത്തിൽ ഉള്ളവയാണ്. ഇതേ പോലെ ആകർഷണമോ വികർഷണമോ കാണിക്കാത്ത ഒരു പുതിയ തരത്തിലുള്ള കാന്തിക വസ്തുക്കൾ ഈയിടെ കണ്ടെത്തപ്പെട്ടു- ആൾട്ടർമാഗ്നറ്റുകൾ. ആന്റിഫെറോമാഗ്നെറ്റുകളെ പോലെ പ്രകടമായ കാന്തികത ഇല്ലാതെ ഇരിക്കുമ്പോഴും ഇരുമ്പ്, കോബാൾട്ട് പോലെയുള്ള കാന്തിക സ്വഭാവം പ്രകടിപ്പിക്കുന്ന ഫെറോമാഗ്നെറ്റുകൾക്ക് മാത്രം സ്വന്തമായി ഉണ്ടായിരുന്ന പല സവിശേഷതകളും ആൾട്ടർമാഗ്നെറ്റുകൾക്കുമുണ്ട്. ഈ സവിശേഷ കോമ്പിനേഷൻ ഉള്ളത് കൊണ്ട് തന്നെ ഭാവിയിലെ സാങ്കേതിക വിദ്യകളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി ആൾട്ടർമാഗ്നെറ്റുകൾക്കുണ്ട്. കൂടുതൽ കാര്യക്ഷമതയും വേഗതയും നൽകാൻ സാധിക്കുന്ന ഹാർഡ് ഡിസ്ക്, ചിപ്പ് ഉൾപ്പെടെ ഉള്ള നിരവധി ഉപകരണങ്ങൾ നിർമിക്കാൻ ആൾട്ടർമാഗ്നെറ്റുകൾ അനുയോജ്യമായി തീരും.
എന്റെ ഗവേഷണം, MnTe എന്ന സെമികണ്ടക്ടർ കൂടിയായ ആൾട്ടർ മാഗ്നെറ്റിന്റെ സ്വഭാവസവിശേഷതകളെ ആഴത്തിൽ മനസിലാക്കാനും അവയെ ഏതൊക്കെ രീതിയിൽ സ്പിൻട്രോണിക് ഉപകരണങ്ങൾക്ക് അനുയോജ്യമാകുന്ന വിധത്തിൽ മെച്ചപ്പെടുത്താം എന്നുള്ളതുമാണ്.