സരസമായി സയൻസ് പറയുന്ന 25 അവതരണങ്ങൾ – തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം നവംബർ 16 ന്

“കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…??… കോൺക്രീറ്റ് വേസ്റ്റ് …!!” തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ ശനിയാഴ്ച നടക്കുന്ന സയൻസ് സ്ലാമിലെ ഒരു അവതരണത്തിന്റെ തലക്കെട്ടാണ്. കോൺക്രീറ്റ് മാലിന്യങ്ങളെ കുറഞ്ഞ ചെലവിൽ പുനരുപയോഗിക്കാനുള്ള മാർഗ്ഗങ്ങൾ വികസിപ്പിച്ച ഗവേഷകനാണ് ഇതുമായെത്തുന്നത്.

നവംബർ 16 ന് ഗവ. വിമൻസ് കോളേജിൽ വെച്ചുനടക്കുന്ന സയൻസ്ലാം

ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും. അതിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്. രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെയാണു പരിപാടി.

ആദ്യ സ്ലാം കൊച്ചി സർവ്വകലാശാലയിൽ നടന്നു. ആദ്യറൗണ്ടിലെ മറ്റു സ്ലാമുകൾ കണ്ണൂർ, കോഴിക്കോട് സർവ്വകലാശാലകളിൽ നടക്കും. പാലക്കാട് ഐഐറ്റിയിലാണു സമാപനം. കേരളത്തിൽ ആദ്യമാണു സയൻസ് സ്ലാം നടക്കുന്നത്. തിരുവനന്തപുരം സ്ലാമിൽ 25 ഗവേഷകർ മാറ്റുരയ്ക്കും. ഇതിൽ 16-ഉം പെൺകുട്ടികളാണ്. ഇവർക്കുപുറമെ, 300-ലേറെപ്പേർ പ്രേക്ഷകരായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യറൗണ്ടിൽ 92 ഗവേഷകരുടെ അവതരണമാണു നടക്കുന്നത്. ഇവരിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേരാണ് ഫൈനലിൽ മത്സരിക്കുക. സാധാരണപ്രേക്ഷകരാണു വിധി നിർണ്ണയിക്കുന്നത്. ശാസ്ത്രീയത പരിശോധിക്കാൻ അക്കാദമികവിദഗ്ദ്ധരും ഉണ്ടാകും.

മത്സ്യത്തിൽ ഫോർമാലിനുണ്ടോ എന്നു വെറുംകണ്ണാൽ നിറമാറ്റത്തിലൂടെ മനസിലാക്കാവുന്ന ഡിറ്റക്ഷൻ കിറ്റും പഴകിയ പ്രമേഹമുള്ളവരിൽ മുറിവുണക്കുന്ന ഡ്രസ്സിങ് ജെലും വായു ഇല്ലാത്തിടത്തു പാൽ പുളിപ്പിക്കുന്ന ബാക്ടീരിയയെ വായുവിൽ പ്രവർത്തിക്കുന്നവയാക്കി മാറ്റി ക്ഷീരവ്യവസായം വളർത്തുന്നതും മുതൽ ലാബിൽ പോകാതെ ട്യൂമറും കാൻസർ‌വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോ ഇലക്ട്രിക് ബയോസെൻസറുകളും ആൽസ്ഹൈമേഴ്സ് നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്ന നാനോസാങ്കേതികവിദ്യയുംവരെ കൗതുകവും വിജ്ഞാനവും നിറഞ്ഞതാണ് അവതരണങ്ങൾ.

വേരുകളിലിരുന്ന് അതുവഴിയുള്ള രോഗബാധ തടയുന്ന അദൃശ്യപോരാളികളെ (Micro-Warfare) കുരുമുളകിന്റെ ദ്രുതവാട്ടം തടയാൻ ഉപയോഗിക്കുന്നത്, ടിഷ്യൂ കൾച്ചർ വഴി സസ്യകോശത്തിൽ സ്വർണനാനോകണികകൾ നിർമിക്കുന്നത്, മലബാർച്ചീരയുടെ ചികിത്സാഗുണനിലവാരവും ന്യൂട്രാസ്യൂട്ടിക്കൽ വികസനവും നിറം വേർതിരിക്കലും, ജലത്തിലെ ഇരുമ്പുമാലിന്യങ്ങകൊണ്ട് ആഴ്സനിക് പോലുള്ള ലവണങ്ങളെയും ഇക്കോളി ബാക്റ്റീരിയകകളെയും നീക്കം ചെയ്യാനും ജലശുചീകരണശാലകളിൽ ഉപയോഗിക്കാനും ഉപയോഗിക്കുന്നത് എന്നിങ്ങനെ വൈവിദ്ധ്യമാർന്നതാണ് സ്ലാമിൽ അവതരിപ്പിക്കുന്ന വിഷയങ്ങൾ.

സൂപ്പർകണ്ടക്റ്റിങ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രധാന ഘടകങ്ങളായ ജോസഫ്സൺ ജങ്ഷൻസിലെ നേർത്ത ഓക്സൈഡ് ഫിലിമിന്റെ പരിമിതി മറികടക്കുന്ന ഗ്രഫീൻ‌ബദലാണ് ശ്രദ്ധേയമായ മറ്റൊരു വിഷയം. ഉയർന്ന ഗുണനിലവാരമുള്ള സൂപ്പർകണ്ടക്റ്റിങ് ഉപകരണങ്ങൾ നിർമ്മിക്കാൻ സാധ്യത നൽകുന്നതാണ് “ദ്വിമാന ജോസെഫ്സൺ ജംഗ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം സാങ്കേതികവിദ്യകൾ” എന്ന ഈ വിഷയം. ‘ഇവിടെമാത്രം തുപ്പുക!’ എന്നാണ് ഒരു അവതരണത്തിന്റെ ശീർഷകം! നിർമ്മിതികളുടെ ഗുണമേന്മ സംബന്ധിച്ച അവതരണത്തിനു പേര് ‘പഞ്ചവടിപ്പാലം മുതൽ പാലാരിവട്ടം വരെ!’

ജല ഐസോടോപ്പുകളും ഗണിതശാസ്ത്ര മാതൃകയും ഉപയോഗിച്ച് പശ്ചിമഘട്ട പർവതനിരകളിലെ ഭൂഗർഭജലം ഒഴുകുന്ന പാതകൾ മനസിലാക്കിയ പഠനമാണ് മറ്റൊന്ന്. ജലപ്രവാഹപ്രക്രിയയുടെ സൂക്ഷ്മതലധാരണയും മറ്റു ഭൗമസവിശേഷതകളും ശരിയായ പ്രാദേശിക മഴപ്രവചനങ്ങളും ചേർന്നാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള വിവിധ മേഖലകൾ നിർണ്ണയിക്കാമെന്ന് ഈ പഠനം പറയുന്നു.

ഫോൺ ആപ് ഉപയോഗിച്ച് പോഷകാഹാരോപദേശം നല്കുകയും വിവരശേഖരണം നടത്തുകയും ചെയ്ത് കുട്ടികളുടെ ബിദ്ധിവികാസം പഠിക്കുന്ന ഗവേഷണവും മൂന്നു മുതൽ ആറു വരെ മാസം പ്രായമുള്ള കുട്ടികളിലെ അനീമിയെപ്പറ്റിയുള്ള പഠനവും പോലെ നിത്യജീവിതവുമായി നേരിട്ടുബന്ധപ്പെട്ട കാര്യങ്ങൾമുതൽ അപൂർവ്വ ഔഷധസസ്യമായ കരാളകത്തിന്റെ പ്രത്യുൽപ്പാദനം കൂട്ടാനും കൊറോണ വൈറസിനെപ്പോലും നിർവ്വീര്യമാക്കാവുന്ന ഔഷധസംയുക്തങ്ങൾ ഇരട്ടിപ്പിക്കാനുമുള്ള നാനോകണികകളുടെ ഉപയോഗംവരെ വരെ കേൾക്കാനുള്ള അവസരമാണ് സയൻസ് സ്ലാം.

വരൾച്ചയെ അതിജീവിക്കാൻ കാട്ടുപാവലിനുള്ള കഴിവു പഠിച്ച് ആ ജീൻ ഉൾച്ചേർത്ത് സസ്യങ്ങളുടെ വരൾച്ചാതിജീവനശേഷി മെച്ചമാക്കാമെന്ന കണ്ടെത്തലാണു മറ്റൊന്ന്. ഗർഭാശയമുഖ അർബുദത്തിനു 95 ശതമാനം കാരണമായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ബാധിക്കുന്നതു തടയുന്ന വാക്സീൻ ശരീരത്തിലെ സൂക്ഷ്മാണുവ്യവസ്ഥ(മൈക്രോബയോട്ട)യിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവതരണത്തിലുണ്ട്.

ഭാവിയിന്ധനമായ ഹൈഡ്രജൻ വേർതിരിക്കാൻ മികച്ച ഉൽപ്രേരകമായി സൂക്ഷ്മജീവികളെ ഉപയോഗിക്കൽ, പഴകി ഉപേക്ഷിക്കുന്ന സ്റ്റീലിൽനിന്നു വൈദ്യുതി, കൂട്ടുലോഹങ്ങൾ ദ്രവിക്കുന്നതു തടയാൻ ബാക്ടീരിയ, പ്രക്ഷേപണത്തിലെ ആവൃത്തികുറഞ്ഞ ശബ്ദങ്ങൾ നിയന്ത്രിക്കാനുള്ള ഗവേഷണം, മുറിയിലെ ബൾബുവെളിച്ചത്തെ വൈദ്യുതിയാക്കുന്ന ഡിഎസ്‌എസ് എല്ലുകളുടെ ശേഷി ഉയർത്തൽ, കൈയെഴുത്തുസംഖ്യകളെ വേഗം തിരിച്ചറിയാൻ AI മെഷീനുകളെ വേദഗണിതത്തിനു സഹായിക്കാനാകുമോ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ സ്ലാമിൽ കൗതുകവും വിജ്ഞാനവും പകരും.

Sl Noപേര്വിഷയം
1ഹിമ പാർവ്വതി എവേരുകളിലെ അദൃശ്യ പോരാളികൾ: A Plant’s Micro-Warfare
2അജ്ജു ആർ ജസ്റ്റസ് Acoustic Metamaterials: കുറഞ്ഞ ആവൃത്തിയിലുള്ള നിശബ്ദതയുടെ താക്കോൽ
3ആര്യ ജയൻജലത്തിലെ ഇരുമ്പ് മാലിന്യത്തിൽ നിന്ന് നാനോപദാർത്ഥങ്ങൾ: ഒരു നവീന മാലിന്യ-വിഭവ ആവിഷ്കാരം
4ആകാശ് എൻ ഭുവനേന്ദ്രൻനിറങ്ങളിൽ നിന്ന് വൈദ്യുതി: പ്രകൃതിയെ അനുകരിക്കുന്ന ഡൈ സോളാർ സെൽ
5ദർശന എസ്നിർമ്മിതബുദ്ധിക്കു വേദ ഗണിതങ്ങളോ?
6ഗായത്രി ദേവി വി.മലബാർ ചീരയുടെ ചികിത്സാ ഗുണനിലവാര വിലയിരുത്തലും ന്യൂട്രാസ്യൂട്ടിക്കൽ വികസനവും
7ഫാത്തിമ റുമൈസപ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്
8ഗീതാഞ്ജലി സി.വിവ്യാവസായിക അലോയ്‌സിൽ ബാക്ടീരിയ ഉപയോഗിച്ച് കോറോഷൻ നിയന്ത്രണം: ഒരു പഠനം
9രശ്മി എ.എൻആൽസൈമർസ് രോഗത്തിനുള്ള നാനോഥെറാനോസ്റ്റിക്‌സ്: പുതിയ സാധ്യതകളും പരിഹാരങ്ങളും
10ഫസീല മുഹമ്മദ് റഷീദ് പോഷകാഹാരം + ടെക്നോളജി: കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് ഒരു പുതിയ വഴി
11സിജി വി സസ്യത്തിൽ രൂപപ്പടുത്തിയ സ്വർണ നാനോ കണികളുടെ വിസ്മയം
12രേഷ്മ ബെൻസൺകരാളക സസ്യത്തിന്റെ സംരക്ഷണം ഗ്രീൻ കെമിസ്ട്രിയിലൂടെ
13ലിജു ഏലിയാസ്കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…??… കോൺക്രീറ്റ് വേസ്റ്റ് …!!
14ഗൌരി എംമത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂ
15അരവിന്ദ് എൽഇവിടെ മാത്രം തുപ്പുക!- രോഗങ്ങളെ തുപ്പി തോൽപ്പിക്കുന്ന ഫിസിക്സ്
16വൈശാഖ് കെ.മുലപ്പാലും അയൺഉം കുഞ്ഞുകുഞ്ഞുങ്ങളിലെ വിളർച്ചയും
17അനശ്വര അനിൽസൂക്ഷ്മ ജീവികളുടെ സഹായത്താൽ ഹൈഡ്രജൻ ഉല്പാദനം: ഒരു പുതുമയാർന്ന സമീപനം
18രജീഷ് ആർലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും
19ബിജിമോൾ ബി.ഐ.ഉപയോഗശൂന്യ വാണിജ്യ സ്റ്റീൽ സുസ്ഥിര ഊർജ്ജത്തിലേക്ക്: മൈക്രോബയൽ ഇന്ധന സെല്ലുകളുടെ നവീന യാത്ര
20അന്നു ആൻസ് സണ്ണിQuantum technologies based on two-dimensional Josephson junctions (ദ്വിമാന ജോസെഫ്സൺ ജംഗ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം സാങ്കേതികവിദ്യകൾ)
21ശ്രീലേഷ് ആർകേരളത്തിലെ ഉരുൾപൊട്ടലുകൾ തടയാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.
22ജയരാജ് എം.എസ്.കടുത്ത വരൾച്ചയെ തടയാൻ കഴിയുന്ന പാവലോ? എങ്ങനെ? – ഒരു ശാസ്ത്ര പഠനം.
23പാർവ്വതി ഗിരീഷൻElectron spin-state based quantum computing (ഇലക്ട്രോണുകളുടെ spin-സ്റ്റേറ്റുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം വിവരസാങ്കേതികവിദ്യ)
24അല്ലിൻ സിപഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!
25സിനുമോൾ ജോർജ്ജ്സുരക്ഷിത ഭാവിക്കായി ആസൂത്രിത പ്രതിരോധം : HPV വാക്സിൻ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Scroll to Top