നവംബർ 16 – തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം അവതരണങ്ങൾ

Government College for Women, Thiruvananthapuram

നവംബർ 16 , ശനി

25

അവതരണങ്ങൾ

200

കേൾവിക്കാർ

09.30 AM

രജിസ്ട്രേഷൻ

05.30 PM

സമാപനം

THIRUVANANTHAPURAM SLAM

TVM REGION

നവംബർ 16 തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ വെച്ച് നടക്കുന്ന റീജിയണൽ സയൻസ് സ്സാമിൽ അവതരണം നടത്തിയ ഗവേഷകരും അവതരണ വിഷയങ്ങളും

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 1

വേരുകളിലെ അദൃശ്യപോരാളികൾ: A Plant’s Micro-Warfare

ഹിമ പാർവ്വതി എ (Rajiv Gandhi Centre for Biotechnology, Thiruvnanthapuram)

സംഗ്രഹം

സസ്യങ്ങളുടെ ജീവന് കരുത്തേകുന്നത് അവയുടെ വേരുകളാണ്. കാർഷിക വിളകളിലെ രോഗങ്ങളിൽ പകുതിയിലേറെയും ബാധിക്കുന്നതും ഈ വേരുകളെ തന്നെയാണ് . ഇത്തരം രോഗങ്ങളെ ചെറുത്തുനിർത്താൻ സസ്യങ്ങൾക്ക് ഒരു സൈനിക സേനയുണ്ട്. റൂട്ട് മൈക്രോബയോട്ട അഥവാ വേരുകളിലെ സൂക്ഷ്മാണു വ്യവസ്‌ഥയാണ് ഈ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. കുരുമുളകിലെ ദ്രുതവാട്ടമെന്ന മാരകരോഗത്തെ ഈ സൂക്ഷ്മാണു വ്യവസ്‌ഥയുടെ സഹായത്തോടെ എങ്ങനെ നേരിടാം എന്നതാണ് എൻ്റെ ഗവേണവിഷയം. സസ്യങ്ങളുടെ രോഗ പ്രതിരോധശേഷിയും ജനിതകഘടനയും ഈ സൂക്ഷ്മാണു വ്യവസ്ഥയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നമുക്ക് കേരള സയൻസ് സ്ലാം വേദിയിൽ ചർച്ച ചെയ്യാം.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 2

Acoustic Metamaterials: കുറഞ്ഞ ആവൃത്തിയിലുള്ള നിശബ്ദതയുടെ താക്കോൽ

അജ്ജു ആർ ജസ്റ്റസ് (Indian Institute of Technology Palakkad, Palakkad)

സംഗ്രഹം

ശബ്ദ നിയന്ത്രണ തന്ത്രങ്ങളിൽ പ്രക്ഷേപണപാതയിലെ ഭൗതിക തടസ്സങ്ങൾ ഉൾപ്പെടുന്നു. പരമ്പരാഗതതടസ്സങ്ങൾ ഉപയോഗിച്ചുള്ള ലോ-ഫ്രീക്വൻസി നോയ്‌സ് കൺട്രോൾ നിരോധിത കട്ടിയുള്ളതായിരിക്കണം. യഥാർത്ഥ ലോക ആപ്ലിക്കേഷനുകളിൽ അത്തരം തടസ്സങ്ങൾ ഉപയോഗപ്രദമല്ല. ലോ-ഫ്രീക്വൻസി ശ്രേണിയിൽ ശബ്‌ദശോഷണം നൽകാൻ കഴിയുന്ന സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് അക്കോസ്റ്റിക് മെറ്റാമെറ്റീരിയലുകൾ.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 3

ജലത്തിലെ ഇരുമ്പ് മാലിന്യത്തിൽ നിന്ന് നാനോപദാർത്ഥങ്ങൾ

ആര്യ ജയൻ (Department of Geology University of Kerala)

സംഗ്രഹം

എന്റെ ഗവേഷണം ജലത്തിലെ ഇരുമ്പുമാലിന്യങ്ങളെ കുറിച്ചാണ്. ജലത്തിലെ ഇരുമ്പ് എന്നത് എല്ലാവരും കണ്ടിട്ടുള്ളതും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രശ്നമായി മാറുകയും ചെയുന്ന ഒന്നാണ്. ഈ മാലിന്യങ്ങൾ സമൂഹത്തിനും മറ്റു വ്യവസായശാലകൾക്കും ഉപയോഗപ്രദമായ ഹീമറ്റൈറ്റ് നാനോപദാർത്ഥങ്ങൾ ആണ്. ജലത്തിലെ അപകടകാരികളായ ആഴ്സനിക് പോലുള്ള ലവണങ്ങളെ നീക്കം ചെയ്യാനും ഒപ്പം ഇക്കോളി ബാക്റ്റീരിയകളുടെ വളർച്ച തടയാനും ഈ നാനോപദാർത്ഥങ്ങൾ പ്രാപ്തിയുള്ളവയാണ്. ജലശുചീകരണശാലകളിൽ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്ന മനുഷ്യനിർമ്മിതമായ ഹീമറ്റൈറ്റ് നാനോപദാർത്ഥങ്ങൾക്ക് പകരം പ്രകൃതിദത്തമായ ഇത്തരം ഹീമറ്റൈറ്റ് നാനോപദാർത്ഥങ്ങൾ ഉപയോഗിക്കാം. ഒപ്പം ജലത്തിൽ നിന്ന് ഇത്തരം മാലിന്യങ്ങളെ നീക്കംചെയ്യാനുള്ള വഴികളെ കുറിച്ചുമാണ് എന്റെ ഈ പഠനം.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 4

നിറങ്ങളിൽ നിന്ന് വൈദ്യുതി: പ്രകൃതിയെ അനുകരിക്കുന്ന ഡൈ സോളാർ സെൽ

ആകാശ് ഭുവനേന്ദ്രൻ (Centre for Sustainable Energy Technology CSIR – National Institute For Interdisciplinary Science and Technology (NIIST))

സംഗ്രഹം

മുറിക്കുള്ളിലെ ബൾബുകളിൽ നിന്ന് വരുന്ന പ്രകാശത്തിൽ നിന്ന് വൈദ്യൂതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ഇൻഡോർ സോളാർ സെല്ലുകളാണ് ഡൈ സെൻസിറ്റൈസ്ഡ് സോളാർ സെൽ അഥവാ ഡി.എസ്.എസ്.സി. ഇത് പലനിറത്തിലും ഇഷ്ടമുള്ള ഡിസൈനിലും നിർമ്മിക്കാൻ സാധിക്കും. പ്രകൃതിയിൽ ചെടിയിലെ ഇലകളിൽ ഭക്ഷണം പാകം ചെയ്യുന്ന പ്രക്രിയക്ക് സമാനമായാണ് ഡി.എസ്.എസ്.സി. യിൽ വൈദ്യുതി ഉൽപ്പാതിപ്പിക്കുന്നത്. എങ്ങനെ ഉയർന്ന കാര്യക്ഷമതയുള്ള ഡി.എസ്.എസ്.സി നിർമ്മിക്കാം എന്നതാണ് എൻ്റെ ഗവേഷണ വിഷയം

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 5

നിർമ്മിതബുദ്ധിക്കു വേദഗണിതങ്ങളോ???

ദർശന എസ് (College of Engineering Chengannur)

സംഗ്രഹം

വേദഗണിതങ്ങൾ നിർമിതബുദ്ധിയെ എങ്ങനെ സഹായിക്കും എന്നറിയാം. നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപെട്ടതെങ്കിലും വേദസൂത്രങ്ങൾ ആധുനിക യുഗത്തിലെ AI മെഷീനുകൾക്കും സഹായിയാണ്. വേദഗണിത സഹായികൾ എങ്ങനെ കൈയെഴുത്തു സംഖ്യകളെ തിരിച്ചറിയുന്ന AI മെഷീനുകളെ വേഗത്തിൽ സംഖ്യകൾ കണ്ടെത്തുന്നതിനു സഹായിക്കുന്നു എന്നു കാണാം .

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 7

പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ്

ഫാത്തിമ റുമൈസ (Department of Biochemistry, University of Kerala, Kariavattom Campus)

സംഗ്രഹം

കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കുന്നു. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം പലപ്പോഴും അവയവങ്ങൾ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. ഹൈഡ്രോജെൽ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിന്റെയും കൊളാജിൻ നിക്ഷേപത്തെ സഹായിക്കുന്ന എൽ- പ്രോലിന്റെയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 8

വ്യാവസായിക അലോയ്‌സിൽ ബാക്ടീരിയ ഉപയോഗിച്ച് കോറോഷൻ നിയന്ത്രണം: ഒരു പഠനം

ഗീതാഞ്ജലി സി.വി. (Department of Chemistry University of Kerala Kariavattom Campus Trivandrum)

സംഗ്രഹം

അലോയ്‌സിന്റെ മൈക്രോബയോളജിക്കൽ കോറോഷൻ ഇൻഹിബിഷൻ (MICI) പ്രക്രിയയെക്കുറിച്ചുള്ള ഈ പഠനം, P. putida എന്ന ബാക്ടീരിയ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളാണ് വിശദീകരിക്കുന്നത്. പഠനത്തിലൂടെ വ്യാവസായിക അലോയ്‌സിന്റെ MICI പ്രക്രിയയിലെ P. putida ബാക്ടീരിയയുടെ പ്രധാന പങ്കും, മറ്റ് ബാക്ടീരിയകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴുള്ള പരസ്പരപ്രവർത്തനങ്ങൾ കോറോഷൻ നിയന്ത്രണത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങളും ആഴത്തിൽ മനസ്സിലാക്കാനാകുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 9

ഉപയോഗശൂന്യ വാണിജ്യ സ്റ്റീൽ സുസ്ഥിര ഊർജ്ജത്തിലേക്ക്: മൈക്രോബയൽ ഇന്ധന സെല്ലുകളുടെ നവീന യാത്ര

ബിജിമോൾ ബി.ഐ (Department of Chemistry, University of Kerala, Kariavattom Campus)

സംഗ്രഹം

വാണിജ്യ ഉപയോഗം കഴിഞ്ഞുള്ള സ്റ്റീൽ സാധാരണയായി പാഴ് വസ്തുവായി കണക്കാക്കപ്പെടുന്നു, എന്നാൽ അതിനെ സുസ്ഥിര ഊർജ്ജ സ്രോതസ്സായി പരിവർത്തനം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. മൈക്രോബയൽ ഇന്ധന സെല്ലുകൾ (MFCs) എന്ന ബയോഇലക്ട്രോ കെമിക്കൽ സാങ്കേതികവിദ്യയെ ഉപയോഗിച്ച് ഈ പാഴ് സ്റ്റീൽ ഉൽപ്പന്നങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നവീന സാധ്യതകൾ പരിശോധിക്കപ്പെടുന്നു. MFCകൾക്ക് സ്റ്റീലിൽ അടങ്ങിയിരിക്കുന്ന ജൈവവസ്തുക്കളെയും മറ്റ് ധാതുക്കളെയും സൃഷ്ടിപരമായ രീതിയിൽ ഉപയോഗിച്ച് വൈദ്യുത ഊർജ്ജമായി പരിവർത്തനം ചെയ്യാൻ കഴിയും. ഈ സാങ്കേതികവിദ്യ, പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കുന്നതിനൊപ്പം, പ്രാദേശികമായി ലഭ്യമായ ഉപയോഗശൂന്യ വസ്തുക്കൾ ഉപയോഗിച്ച് ഊർജ്ജ ഉത്പാദനം സാദ്ധ്യമാക്കുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 10

ആൽസ്ഹൈമേർസ് രോഗത്തിനുള്ള നാനോഥെറാനോസ്റ്റിക്‌സ്: പുതിയ സാധ്യതകളും പരിഹാരങ്ങളും

രശ്മി എ.എൻ (Division of Biophotonics and Imaging, Biomedical Technology Wing, Sree chitra tirunal institute for medical science and technology (SCTIMST), Trivandrum.)

സംഗ്രഹം

ആൽസ്ഹൈമേർസ് രോഗത്തിനുള്ള നാനോഥെറാനോസ്റ്റിക്‌സ്: പുതിയ സാധ്യതകളും പരിഹാരങ്ങളും എന്ന ഈ അവതരണത്തിൽ, നാനോതെറാനോസ്റ്റിക്‌സ് എന്ന നവീന സാങ്കേതികതയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്നു. ആൽസൈമർസ് പോലുള്ള ന്യൂറോഡിജനറേറ്റീവ് രോഗങ്ങളിൽ മുൻകൂട്ടി തിരിച്ചറിയലും കാര്യക്ഷമമായ ചികിത്സാ മാർഗങ്ങളും എങ്ങനെയാണ് നാനോതെറാനോസ്റ്റിക്‌സിലൂടെ സാധ്യമാകുന്നത് എന്നതിനെ ഈ അവതരണം വിശദീകരിക്കുന്നു. നാനോഡയഗ്നോസിസിലൂടെ ബയോമാർക്കറുകൾ കണ്ടെത്തുന്നതിന്റെ പ്രാധാന്യം, നാനോതെറാപ്പി ഉപയോഗിച്ച് “Blood-Brain Barrier” കടന്ന് നാനോപാർട്ടിക്കിളുകളാൽ മരുന്നുകൾ മസ്തിഷ്കത്തിലെ നിർദ്ദിഷ്ട ഭാഗങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ സാങ്കേതിക വിദ്യകൾ പരിശോധിക്കുന്ന ഈ അവതരണം, ആൽസൈമർസ് ചികിത്സയിൽ നാനോമാറ്റീരിയലുകളുടെ പുതുതായി തുറക്കുന്ന സാധ്യതകളെ കൂടുതൽ അടിത്തറയോടെയും പ്രാധാന്യത്തോടെയും അവതരിപ്പിക്കുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 11

പോഷകാഹാരം + ടെക്നോളജി: കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് ഒരു പുതിയ വഴി

ഫസീല മുഹമ്മദ് റഷീദ് (Department of Community Science, College of Agriculture Vellayani Thiruvananthapuram)

സംഗ്രഹം

മനുഷ്യമസ്തിഷ്കത്തിന്റെ വളർച്ചയുടെ 90% പൂർത്തിയാകുന്നത് ജീവിതത്തിന്റെ ആദ്യ അഞ്ചു വർഷത്തിലാണ്. അതിനാൽ, ബാല്യകാലത്ത് ശരിയായ പോഷകാഹാരം ലഭിക്കുന്നത് ബുദ്ധിവികാസത്തിന് അത്യാവശ്യമാണ്. ഈ ഗവേഷണം, കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ബുദ്ധിവികാസത്തെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ലക്ഷ്യമിടുന്നു. ഈ ആപ്പ്, വ്യക്തിഗത പോഷകാഹാര പദ്ധതികൾ, രസകരമായ പാചകക്കുറിപ്പുകൾ, പോഷകാഹാര വിദ്യാഭ്യാസം എന്നിവ നൽകിക്കൊണ്ട് രക്ഷിതാക്കളെ സഹായിക്കും. ഈ ഗവേഷണത്തിലൂടെ, നാം സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തുറക്കാൻ ശ്രമിക്കുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 12

സസ്യത്തിൽ രൂപപ്പടുത്തിയ സ്വർണ നാനോ കണികളുടെ വിസ്മയം

സിജി വി. (Fatima Mata National College, Kollam)

സംഗ്രഹം

സസ്യത്തിൻ്റെ കോശത്തിനുളളിൽ ടിഷ്യൂ കൾച്ചർ പ്രേക്രിയ വഴി സ്വർണനാന്നോ കണികകൾ നിർമിക്കുകയാണ്. ആ കണികകൾ മനുഷ്യരാശിക്കും എല്ലാ ജീവജാലങ്ങൾക്കും ഉപയോഗപ്രദമാണ്.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 13

കരാളക സസ്യത്തിന്റെ സംരക്ഷണം ഗ്രീൻ കെമിസ്ട്രിയിലൂടെ

രേഷ്മ ബെൻസൻ(Fatima Mata National College, Kollam)

സംഗ്രഹം

പശ്ചിമ ഘട്ടങ്ങളിൽ മാത്രം കണ്ടുപോരുന്ന, നാടോടി വൈദ്യത്തിൽ പ്രമുഖ പങ്കു വഹിക്കുന്ന ഒരു ഇനം അപൂർവസസ്യമാണ് കരാളകം. ഗവേഷണത്തിലൂടെ ഇവയുടെ ടിഷ്യൂ കൾചർ സാദ്ധ്യതകൾ പരിശോധിക്കുകയും അതിൽ നാനോ കണികകൾകൂടെ സംയോചിപ്പിച്ചപ്പോൾ ഉണ്ടായ മാറ്റങ്ങളെ വിലയിരുത്തുകയും ചെയ്തു. നാനോകണികകളുടെ ഉപയോഗം മൂലം പ്രത്യുൽപ്പാദനം വർധിപ്പിക്കാനും അവയുടെ ഔഷധസമ്പത്തിന് കാരണമാകുന്ന രാസസംയുക്തങ്ങളെ ഇരട്ടിപ്പിക്കാനും സാധിച്ചു. ഏറെ പ്രധാനമായി കൊറോണ വയറസുകളെ പോലും നിർവീര്യം ആകാൻ കെല്പുള്ള ക്വെർസെറ്റിൻ എന്ന സംയുക്തം 9 മടങ്ങു വർധിപ്പിക്കാൻ ZnO നാനോകണികൾക് സാധിച്ചു. അതോടൊപ്പം വിവിധ പരിസ്ഥിതി സമ്മർദ്ദങ്ങളെ തരണം ചെയ്യാനും ഇവ ചെടികളെ സഹായിക്കുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 14

കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…??… കോൺക്രീറ്റ് വേസ്റ്റ് …!!

ലിജു ഏലിയാസ് (Department of Chemistry, University of Kerala, Kariavattom Campus,)

സംഗ്രഹം

കോൺക്രീറ്റ് മാലിന്യങ്ങളുടെ ചെലവ് കുറഞ്ഞതും അനന്തസാധ്യതയുള്ളതുമായ വിവിധ ആപ്ലിക്കേഷൻ അധിഷ്ഠിത പുനരുപയോഗം പ്രാപ്തമാക്കുന്നതിന് മെക്കാനിക്കൽ പ്രോസസ്സിംഗ് പ്രക്രിയയോടൊപ്പം പുതിയ കെമിക്കൽ റീസൈക്ലിംഗ് ആശയങ്ങൾ കൂടി സന്നിവേശിപ്പിക്കുന്നത് തികച്ചും ഫലപ്രദമാണ്. നൂതന ആപ്ലിക്കേഷനുകൾക്കായി റീസൈക്കിൾ ചെയ്ത കോൺക്രീറ്റ് മാലിന്യങ്ങൾ വിനിയോഗിക്കുന്നതിന് ഇത് തീർച്ചയായും ഒരു പുതിയപാത തുറക്കും, അതുവഴി ഭാവിയിൽ കോൺക്രീറ്റ് മാലിന്യത്തെ ഒരു വില്പനചരക്കാക്കി മാറ്റാൻ കഴിഞ്ഞാൽ ഇന്ന് എല്ലാ ഇടത്തും കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന കോൺക്രീറ്റ് മാലിന്യക്കൂമ്പാരം ഇല്ലാതാക്കാൻ കഴിയും. കോൺക്രീറ്റ് മാലിന്യം വിൽക്കാനും, അത് വാങ്ങുന്നവർക്ക്‌ അതിന്റെ റീസൈക്ലിങ് വഴി ലാഭം ഉണ്ടാക്കാനും കഴിഞ്ഞാൽ കാർഷിക ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതുപോലെയുള്ള ഒരു വിപണി മൂല്യം കൈവരിക്കാൻ എന്തുകൊണ്ടും ഇതിനും ആകും.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 15

മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂ

ഗൗരി എം (Department of Chemistry Govt. College for Women, Vazhuthacaud, Thiruvananthapuram)

സംഗ്രഹം

ഭക്ഷണത്തിന്റെ ഗുണ നിലവാരവും രോഗാതുരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ വാങ്ങുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാൻ, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഫോർമാലിൻ പോലെയുള്ള രാസവസ്തുക്കൾ നിയമവിരുദ്ധമായി ഉപയോഗിക്കാറുണ്ട്. വാങ്ങുമ്പോൾത്തന്നെ ഇത് തിരിച്ചറിയാൻ നമ്മുക്ക് കഴിഞ്ഞാലോ? ഇത് സാധ്യമാക്കുന്ന ലളിതമായ ഒരു ഡിറ്റക്ഷൻ കിറ്റ് പരിചയപ്പെടുത്തുന്നു. സ്വർണ്ണ നാനോ കണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച ഈ സംവിധാനം നിറമാറ്റത്തിലൂടെ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ ഫോർമലിന്റെ സാനിധ്യം തത്സമയം തിരിച്ചറിയാൻ സഹായിക്കുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 16

ഇവിടെ മാത്രം തുപ്പുക!- രോഗങ്ങളെ തുപ്പി തോൽപ്പിക്കുന്ന ഫിസിക്സ്

അരവിന്ദ് എൽ (Amrita Vishwa vidyapeedom, AmritaPuri)

സംഗ്രഹം

Double perovskite എന്ന മൂലകങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള തെർമോ ഇലക്ട്രിക് ബയോസെൻസറുകളും അവ ഉപയോഗിച്ചുള്ള ക്യാൻസർ , മറ്റ് മാരകരോഗം നിർണയങ്ങളും വിരൽത്തുമ്പിൽ. ട്യൂമർ അറിയാനും അവയുടെ വളർച്ച മനസ്സിലാക്കാനും മെഡിക്കൽ ലാബുകൾ കയറിയിറങ്ങാത്ത കാലത്തിലേക്ക് ഇവ നമ്മളെ കൂട്ടിക്കൊണ്ടുപോകുമോ.. ആയുസ്സിന്റെ താക്കോൽ ഈ ശാസ്ത്രത്തിൻറെ കയ്യിലോ?

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 17

മുലപ്പാലും കുഞ്ഞുകുഞ്ഞുങ്ങളിലെ വിളർച്ചയും

Vysakh K (Pediatric Intensivist Dr. K.M Cherian Institute of Medical Sciences Kallissery, Chengannur)

സംഗ്രഹം

കുട്ടികളുടെ അനീമിയ വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളിൽ കുട്ടികളുടെ അനീമിയയുടെ വ്യാപ്തി വളരെ കൂടുതലാണ്. ജയ്പൂരിലെ സവായി മാൻസിംഗ് മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയായ സർ പദംപത്ത് ഇൻസ്റ്റ്യൂട്ട് ഓഫ് നീയോനെറ്റോളജി ആൻഡ് ചൈൽഡ് ഹെൽത്തിൽ മൂന്നു മുതൽ ആറുമാസം വരെയുള്ള കുട്ടികളിലെ അനീമിയെ പറ്റി നടത്തിയ പഠനമാണ് ഇവിടെ പറയുന്നത്.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 18

സൂക്ഷ്മ ജീവികളുടെ സഹായത്താൽ ഹൈഡ്രജൻ ഉല്പാദനം: ഒരു പുതുമയാർന്ന സമീപനം

അനശ്വര അനിൽ (Department of Chemistry, University of Kerala, Kariavattom Campus, TVM)

സംഗ്രഹം

ഫോസിൽ ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ ഒരു മാർഗം അന്വേഷിക്കുമ്പോൾ ആണ് ആഗോളവൽക്കരണത്തിൻ്റെ പ്രശ്നങ്ങളും അത് സംബന്ധിച്ചുള്ള പരിസ്ഥിതി വിധികളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ്റെ വരവ്. ജലം ഹൈഡ്രജൻ്റെ സമൃദ്ധമായ ഉറവിടം ആയതിനാൽ ജലം വിഘടിപ്പിക്കുന്നത് ഹൈഡ്രജൻ ഉല്പാദനത്തിനുള്ള ഏറ്റവും മികച്ച മാർഗമായി തിരഞ്ഞെടുക്കാം. അനുയോജ്യമായ സവിശേഷതകളോട് കൂടിയ ഉൾപ്രേരകങ്ങൾക്ക് അഥവാ കാറ്റലിസ്റ്റുകൾക്ക് ഹൈഡ്രജൻ ഉല്പാദനത്തിൻ്റെ നിരക്ക് വർധിപ്പിക്കാൻ കഴിയും. ഈ ഉൾപ്രേരകങ്ങളുടെ ഉപരിതല സവിശേഷതകൾ അനുയോജ്യമായ രീതിയിൽ മെച്ചപ്പെടുത്തിയാൽ ഇവയുടെ ഫലം വർദ്ധിക്കും. ഈ ഉദ്ദേശത്തിന് സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുത്തി നോക്കിയാലോ? ഭാവിയുടെ ഇന്ധനമായി ഹൈഡ്രജനെ നമുക്ക് വളർത്തിയെടുക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 19

ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും

രജീഷ് ആർ (College of Dairy Science and Technology, Kerala Veterinary and Animal Sciences University)

സംഗ്രഹം

പാൽ പുളിപ്പിച്ച് തൈരാക്കുന്ന ഉപകാരികളായ ബാക്ടീരിയങ്ങളാണ് ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങൾ. വായു രഹിത ശ്വസന പ്രക്രിയ അഥവാ ഫെർമെന്റേഷൻ വഴിയാണ് ഈ ബാക്ടീരിയങ്ങൾ ഉപാപചയ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ ഇത്തരം ബാക്ടീരിയങ്ങളെ വായു സഹിത ശ്വസന പ്രക്രിയയിലേക്ക് മാറ്റുമ്പോൾ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു. അമ്ലതയിലെ കുറവ്, കൂടുതൽ എണ്ണം ബാക്ടീരിയങ്ങൾ, ഉപകാരികളായ വസ്തുക്കളുടെ നിർമ്മാണം എന്നിവ ഇവയിൽ പെടുന്നു. ഇപ്രകാരം ഒട്ടനവധി നേട്ടങ്ങൾ ക്ഷീരോൽപാദന നിർമ്മാണ മേഖലയിൽ നമുക്ക് നേടിയെടുക്കാൻ സാധിക്കും.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 20

ദ്വിമാന ജോസെഫ്സൺ ജംഗ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം സാങ്കേതികവിദ്യകൾ

അന്നു ആൻസ് സണ്ണി (School of Physics IISER Thiruvanathapuram)

സംഗ്രഹം

നാം ഇന്നുപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ ട്രാൻസിസ്റ്റർ പോലെ സൂപ്പർകണ്ടക്റ്റിംഗ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രധാന ഘടകങ്ങളാണ് ആണ് ജോസഫ്സൺ ജംഗ്ഷൻസ്. രണ്ടു സൂപ്പർകണ്ടക്ടറുകളുടെ ഇടയിൽ ഒരു നേർത്ത ഇന്സുലേറ്റർ പാളികൾ വെച്ച് നിർമിക്കുന്ന ഉപകരണം ആണ് ജോസഫ്സൺ ജംഗ്ഷനുകൾ. നിലവിലെ സാങ്കേതികവിദ്യയിൽ അലൂമിനിയം പോലെയുള്ള രണ്ട് പരമ്പരാഗത സൂപ്പർകണ്ടക്റ്റിംഗ് ഫിലിമുകൾ ഒരു നേർത്ത ഓക്സൈഡ് ഫിലിം ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ഈ ഓക്സൈഡുകളുടെ അന്തർലീനമായ ന്യൂനതകൾ (ഡിഫെക്ടസ്) കാരണം,ഇവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളിൽ കോഹറൻസ് ടൈംസ് പോലുള്ള പ്രധാന മാനദണ്ഡങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. 2004-ൽ ഗ്രാഫീനിൻ്റെ കണ്ടെത്തൽ ദ്വിമാന (two dimensional 2D) വാൻ ഡെർ വാൽസ് മെറ്റീരിയലുകളുടെ മേഖലയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി, അത് എല്ലാ ക്രിസ്റ്റല്ലൈനല്ലാത്ത വസ്തുക്കൾക്ക് പകരമായി നിലകൊള്ളുന്നു. NbSe2 പോലുള്ള ഉയർന്ന ക്രിസ്റ്റലിൻ വാൻ ഡെർ വാൽസ് (vW) സൂപ്പർകണ്ടക്ടറുകൾക്ക് അലുമിനിയം സൂപ്പർകണ്ടക്ടറിന് ബദലായ ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയാൻ കഴിയും.ഞങ്ങളുടെ ഗവേഷണം nbse2 ജോസഫ്സൺ ജംഗ്ഷനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് നിലവിലുള്ള സാങ്കേതികവിദ്യകളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഉയർന്ന ഗുണനിലവാരമുള്ള സൂപ്പർകണ്ടക്റ്റിംഗ് ഉപകരണങ്ങൾ നിർമ്മിക്കാൻ സാധ്യത നൽകുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 21

കേരളത്തിലെ ഉരുൾപൊട്ടലുകൾ പ്രവചിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? ഒരു ഭൗമ പഠനം.

ശ്രീലേഷ് ആർ (National Centre for Earth Science Studies, Thiruvananthapuram)

സംഗ്രഹം

സമീപകാലത്ത് ഉരുൾപൊട്ടലിനും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും പേരുകേട്ടതാണ് നമ്മുടെ ഈ കൊച്ചു കേരളം. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും നമ്മൾ വളരെ പിന്നിലാണ്. നൂതന ശാസ്ത്ര സാങ്കേതികവിദ്യകളും അടിത്തട്ടിൽ അവയുടെ ശരിയായ നടപ്പാക്കലും അക്ഷരാർത്ഥത്തിൽ നമ്മെ ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കും. ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഈ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും. ഈ പഠനത്തിൽ ജല ഐസോടോപ്പുകളും ഗണിതശാസ്ത്ര മാതൃകയും ഉപയോഗിച്ച് പശ്ചിമഘട്ടപർവതനിരകളിലെ ഭൂഗർഭജലം ഒഴുകുന്ന പാതകൾ മനസിലാക്കാൻ സാധിച്ചു. ഒരു ചെറിയ പ്രദേശത്തെ സൂക്ഷ്മ പഠനം (മരത്തിന്റെ മുകൾഭാഗം മുതൽ താഴത്തെ ജലസംഭരണി വരെ നീളുന്നത്) ഇതിനെ സഹായിച്ചു, ഈ അറിവിനെ പ്രാദേശിക കാലാവസ്ഥാ പ്രവചനസംവിധാനവുമായി ബന്ധിപ്പിക്കാൻ നമ്മുക്ക് സാധിച്ചാൽ കേരള പശ്ചിമഘട്ടത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള വിവിധ മേഖലകളായി വിഭജിക്കാൻ കഴിയുകയും, അതേത്തുടർന്ന് ശരിയായ സമയത്തുള്ള തക്കതായ പ്രവർത്തനങ്ങൾ ഒരുക്കാനും സാധിക്കും. വയനാട്ടിൽ അടുത്തിടെ സംഭവിച്ചതുപോലുള്ള മറ്റൊരു ദുരന്തം ഇനി ആവർത്തിക്കാതെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ പഠനം ഉപകരിക്കും.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 22

കടുത്ത വരൾച്ച തടയാൻ കഴിയുന്ന പാവലോ? എങ്ങനെ? – ഒരു ശാസ്ത്ര പഠനം.

ജയരാജ് എം.എസ് (Dept. of Botany University of Kerala, Kariavattom, trivandrum)

സംഗ്രഹം

സസ്യലോകത്തു cucurbitaceae എന്ന കുടുംബത്തിലെ ഒരംഗമാണ് പാവൽ (Momordica charanta) ഇത് രണ്ടു തരമുണ്ട്, Momordica charantia var. charantia (കൃഷിച്ചെയ്യുന്ന പാവൽ ), Momordica charantia var. muricata (കാട്ടുപാവൽ). എന്റെ ഇ ഗവേഷണത്തിലൂടെ കാട്ടുപാവലിന്റെ വരൾച്ചയെ പ്രധിരോധിക്കാനുള്ള ശേഷിയെ സയൻസിന്റെ സഹായത്തോടെ കണ്ടെത്തി. കാട്ടുപാവലിന്റെ ബാഹ്യരൂപമാറ്റങ്ങൾ, ശാസ്യശരീരശാസ്ത്രപഠനം, ജൈവരാസ പരമായ വിശകലനം എന്നിവ ഈ സസ്യ ത്തിന്റെ വരൾച്ച പ്രതിരോധം വെളിവാകുന്നു. ഇ കണ്ടെത്തൽ പാവക്കയിലെ വിളവു മെച്ചപ്പെടുത്തുന്ന തി നുള്ള സാദ്ധ്യതകൾ വിശാലമാക്കുന്നു. കൂടാതെ പാവലിന്റെ വരൾച്ച പ്രതിരോധിക്കുന്ന ജനിതക രൂപത്തിന്റെ ഉത്പാദനം വികസിപ്പിക്കുന്നതിനുള്ള ബ്രീഡിംഗ് രീതിക്കു പുതിയ ഉൾകാഴ്ച നൽകുന്നു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 23

ഇലക്ട്രോണുകളുടെ spin-സ്റ്റേറ്റുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം വിവരസാങ്കേതികവിദ്യ

പാർവതി ഗിരീഷൻ (IISER,Thiruvananthapuram)

സംഗ്രഹം

ഒരു സാധാരണ കംപ്യൂട്ടറിലെ ചിപ്പിനുള്ളിലെ 50 നാനോമീറ്ററോളം വലുപ്പമുള്ള ട്രാൻസിസ്റ്ററുകൾക്കു പകരം, ഒരു അടിസ്ഥാന കണികയായ ഇലക്ട്രോണിനെ തന്നെ വിവരങ്ങൾ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ സ്പിൻ ക്വാണ്ടം കംപ്യൂട്ടിങ്ങാണ് എന്റെ അവതരണവിഷയം. ഇത്തരം ഒരു ക്വാണ്ടം മെക്കാനിക്കൽ സിസ്റ്റത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളായ സൂപ്പർപോസിഷൻ, entanglement എന്നിവ മൂലം, ഇവ കൊണ്ട് നിർമിക്കുന്ന കംപ്യൂട്ടറുകളുടെ പ്രവർത്തനക്ഷമത ഒരു ക്ലാസിക്കൽ കംപ്യൂട്ടറിനേക്കാൾ ഒരുപാട് മടങ്ങു വലുതായിരിക്കും – 100 ക്വാണ്ടം ബിറ്റുകൾക്കു (ക്യുബിറ്റുകൾക്കു) തുല്യം 2^(100) ക്ലാസിക്കൽ ബിറ്റുകൾ എന്ന തോതിൽ. സിലിക്കൺ പോലെയുള്ള സെമികണ്ടക്ടർ ചിപ്പുകൾക്കുള്ളിൽ കൃത്രിമമായി ഇലക്ട്രോണുകളുടെ ഒരു ശ്രേണി സൃഷ്ടിച്ച്, അവയുടെ ക്വാണ്ടം സ്റ്റേറ്റുകൾ ക്യുബിറ്റുകൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് എന്റെ ഗവേഷണ വിഷയം. ഇതിന്റെ ആദ്യപടിയായി, ഒരു സെമികണ്ടക്ടർ ചിപ്പിനുള്ളിൽ 4 ക്യുബിറ്റുകൾ സൃഷ്ടിക്കാൻ കഴിയുന്ന ഇലക്ട്രോണുകളുടെ ഒരു ശ്രേണി ഇതിനോടകം IISER-TVM -ലെ QTRAN ലാബിൽ വികസിപ്പിച്ചു കഴിഞ്ഞു.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION- 24

പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ!!

അല്ലിൻ സി (Department of Civil Engineering, National Institute Of Technology, Calicut)

സംഗ്രഹം

നമ്മുടെ ആരോഗ്യം പോലെതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടകങ്ങളുടെ ആരോഗ്യവും. നമ്മൾ അവയുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ് ?ഈ സംരക്ഷണം ജനങ്ങളുമായി ബന്ധമുള്ളതാണോ?ഓരോ ഘടനകളുടെയും ആരോഗ്യം നിരീക്ഷിക്കുന്നതിന് ഇലക്ട്രോ മെക്കാനിക്കൽ ഇംബിഡൻസ് എന്ന വിദ്യ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

KERALA SCIENCE SLAM – THIRUVANANTHAPURAM REGION – 25

സുരക്ഷിത ഭാവിക്കായി ആസൂത്രിത പ്രതിരോധം : HPV വാക്സിൻ

സിനുമോൾ ജോർജ്ജ് (Rajiv Gandhi Centre for Biotechnology, Thiruvnanthapuram)

സംഗ്രഹം

സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദത്തിനു 95 % കാരണവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്. ശരീരത്തിലെ പ്രത്യുല്പാദന അവയവങ്ങളിൽ ബാധിക്കുന്ന ഈ സൂക്ഷ്മാണു ലൈംഗിക സമ്പർക്കം വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ 9 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ 2 ഡോസ് ആയി എടുക്കാവുന്നതാണ്.ഞങ്ങളുടെ പഠനത്തിന്റെ ഉദ്ദേശ്യം ഈ വാക്‌സിനേഷൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥയിൽ (മൈക്രോബയോട്ട ) ഉണ്ടായ മാറ്റത്തെക്കുറിച്ചാണ്. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി നിലനിർത്താനും ഇത് വഴി എപ്രകാരം സാധ്യമാകുന്നു എന്ന് നൂതന ജനിതക വിദ്യകൾ ഉപയോഗിച്ച് കണ്ടെത്തി. പൊതുജനങ്ങളിലേക്ക് ഈ അണുബാധയെക്കുറിച്ചും അതിനെതിരായ വാക്‌സിനേഷൻ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഞാനും നിങ്ങളോടൊപ്പം സയൻസ് സ്ലാം വേദിയിൽ ഉണ്ടാകും.

Scroll to Top